കാനഡയ്ക്ക് പുറത്ത് ജനിച്ച കനേഡിയന്‍ പൗരന്മാരുടെ കുട്ടികള്‍ക്ക്, അവര്‍ വിദേശത്ത് ജനിച്ചതാണെങ്കിലും പൗരത്വം നല്‍കാനുള്ള ബില്‍ അവതരിപ്പിച്ച് കനേഡിയന്‍ സര്‍ക്കാര്‍. വിദേശത്ത് ജനിച്ച കനേഡിയന്‍ പൗരത്വമുള്ള മാതാപിതാക്കളുടെ വിദേശത്ത് ജനിച്ച കുട്ടികള്‍ക്ക് പൗരത്വം നല്‍കാന്‍ സാധിക്കില്ലെന്ന 2009 ലെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നിയമമാണ് ഭേദഗതി ചെയ്യുന്നത്. പൗരത്വ അവകാശങ്ങള്‍ ലഭിക്കാത്തവരെ 'ലോസ്റ്റ് കനേഡിയന്‍സ്, എന്നാണ് വിളിക്കുന്നത്.
പുതിയ ഭേദഗതി പ്രകാരം, കാനഡയ്ക്ക് പുറത്ത് ജനിച്ച കുട്ടിക്ക് കനേഡിയന്‍ പൗരത്വം നല്‍കുന്നതിന് മാതാപിതാക്കള്‍ കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പായി കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കാനഡയില്‍ ചെലവഴിച്ചിരിക്കണമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ പറഞ്ഞു. കനേഡിയന്‍ പൗരത്വം ലോകമെമ്പാടും വളരെ വിലമതിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നതില്‍ സംശയമില്ലെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
1977 ലും 2009 ലും പൗരത്വ നിയമത്തിലെ ഭേദഗതികള്‍ കാനഡയ്ക്ക് പുറത്ത് ജനിച്ച ആയിരക്കണക്കിന് ആളുകളുടെ പൗരത്വം ഇല്ലാതാക്കിയിരുന്നു. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ബില്‍ വിദേശത്ത് ജനിച്ച ആദ്യ തലമുറയ്ക്കപ്പുറത്തേക്ക് പൗരത്വം വര്‍ധിപ്പിക്കാന്‍ ഉപകരിക്കും.