കണ്ണുകളുടെ നിറം മാറ്റുന്ന ട്രെന്‍ഡിനെതിരെ മുന്നറിയിപ്പ് നല്‍കി ബീസിയിലെ ഒപ്‌റ്റോമെട്രിസ്റ്റ് 

By: 600002 On: May 24, 2024, 11:13 AM

 

 

ഒരു വ്യക്തിയുടെ കണ്ണിന്റെ നിറം ശാശ്വതമായി മാറ്റാന്‍ കഴിയുന്ന ശാസ്ത്രീയ നടപടിക്രമം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഗുരുതരമായ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ബീസിയിലെ ഒപ്‌റ്റോമെട്രിസ്റ്റ് ഡോ. ജാനിസ് ലൂക്ക്. കെരാറ്റോപിഗ്മെന്റേഷന്‍ എന്നറിയപ്പെടുന്ന ചികിത്സാ രീതിയാണ് ഇന്ന് സൗന്ദര്യം വര്‍ധിപ്പിക്കുന്ന ട്രെന്‍ഡായി മാറിയതെന്ന് ലൂക്ക് പറയുന്നു. 

കണ്ണിന്റെ രൂപം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അടുത്തിടെ വികസിപ്പിച്ചെടുത്ത ചികിത്സാ രീതിയാണ് കെരാറ്റോപിഗ്മെന്റേഷന്‍ എന്നറിയപ്പെടുന്ന ഐ ടാറ്റൂയിങ്. അണുബാധ, രോഗം, മുറിവ്, ഐറിസ് കൃത്യമായി രൂപപ്പെടാത്ത, കണ്ണുകളിലെ അംഗവൈകല്യമായ അനിറിഡിയ രോഗം തുടങ്ങിയ കാരണങ്ങളാല്‍ കണ്ണിന്റെ സുതാര്യമായ മുന്‍ഭാഗമായ കോര്‍ണിയയില്‍ പാടുകള്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ചികിത്സാരീതിയാണ് ഇത്. എന്നാല്‍ ജനപ്രിയമായ, സൗന്ദര്യം വര്‍ധിക്കുന്ന ട്രെന്‍ഡായി ഈ ചികിത്സാ രീതി മാറുന്നതിലാണ് ആരോഗ്യ വിദഗ്ദര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. കണ്ണിന്റെ ബ്രൗണ്‍ നിറത്തില്‍നിന്ന് നീലയിലേക്കും പച്ചയിലേക്കും മാറ്റം വരുത്തുന്ന ശസ്ത്രക്രിയകള്‍ ടിക്ടോക് വീഡിയോകളായി ഇന്‍ഫ്ളൂവന്‍സര്‍മാര്‍ പങ്കുവെക്കുകയും പ്രചരിക്കുകയും ചെയ്യുന്നു.

കാനഡയില്‍ ഐ ടാറ്റൂയിംഗ് അംഗീകരിക്കപ്പെട്ടിട്ടില്ല. സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡായി മാറുന്ന ഐ ടാറ്റൂയിംഗ് യൂറോപ്പിലും അമേരിക്കയിലും പ്രചാരം നേടിയിട്ടുണ്ടെന്ന് ലുക്ക് വിശദീകരിച്ചു. ടാറ്റൂ ചെയ്ത് കഴിഞ്ഞുള്ള മാസങ്ങളില്‍ അന്ധതയടക്കമുള്ള രോഗാവസ്ഥകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യമുള്ള കണ്ണുകള്‍ ഉള്ളവര്‍ സൗന്ദര്യവര്‍ധക ആവശ്യത്തിനായി കെരാറ്റോ പിഗ്മെന്റേഷന്‍ നടത്തിയാല്‍ ദീര്‍ഘകാലത്തേക്കുള്ള കാഴ്ച പ്രശ്നങ്ങള്‍ വരെ സംഭവിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.