സമ്മര്‍ സീസണില്‍ ചെള്ളുകള്‍ പെരുകുന്നു; കാനഡയില്‍ ലൈം രോഗം പടരുമെന്ന് ആശങ്ക

By: 600002 On: May 24, 2024, 10:14 AM

 

 

കാനഡയില്‍ സമ്മര്‍ സീസണില്‍ ചെള്ളുകള്‍ വര്‍ധിക്കുകയാണെന്നും ഇതിന് കാലാവസ്ഥയിലെ സമീപകാല മാറ്റങ്ങളാകാം കാരണമെന്നും മൗണ്ട് ആലിസണ്‍ യൂണിവേഴ്‌സിറ്റിയിലെ ബയോളജി പ്രൊഫസര്‍ വെറ്റ് ലോയ്ഡ് പറയുന്നു. ചെള്ളുകള്‍ വര്‍ധിക്കുന്നതിനൊപ്പം ലൈം രോഗം പടരാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 2021 മുതല്‍ 2023 വരെ രാജ്യത്ത് ലൈം രോഗം ബാധിച്ചുള്ള 8,000 ത്തിലധികം കേസുകള്‍ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ചെള്ള് പരത്തുന്ന ഈ രോഗം കടുത്ത ആശങ്ക തന്നെയാണ് ജനിപ്പിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. രാജ്യത്തെ പ്രധാന ആരോഗ്യ പ്രശ്‌നം തന്നെയാണ് ലൈം രോഗമെന്നും ഇതിനെ ചെറുക്കേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. ലൈം രോഗം പരത്തുന്ന ചില ചെള്ളുകളെക്കുറിച്ചുള്ള ആശങ്കകള്‍ സമീപവര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. 

ബൊറേലിയ ബര്‍ഗ്‌ഡോര്‍ഫെറി എന്ന ബാക്ടീരിയ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ചില പ്രത്യേക ചെള്ള് വഴിയാണ് രോഗം പകരുന്നത്. നാഡീവ്യൂഹത്തെ ബാധിച്ച് മരണംവരെ സംഭവിക്കാവുന്ന ഗുരുതര രോഗമാണിത്. അതിനാല്‍ തന്നെ തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കിയാല്‍ മാത്രമേ രോഗിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

കനേഡിയന്‍ സര്‍ക്കാരിന്റെ സമീപകാല ഡാറ്റ അനുസരിച്ച്, കാനഡയില്‍ 40 വ്യത്യസ്ത തരം ചെള്ളുകളുണ്ട്. ഇവയില്‍ എല്ലാം തന്നെ രോഗാണുവാഹകരല്ല. എങ്കിലും ചെള്ളുകടിയില്‍ നിന്നും രക്ഷ നേടുക എന്നതാണ് പ്രധാനം. ചെള്ളുകളില്ലെന്ന് ഉറപ്പുവരുത്തി സുരക്ഷിതമായിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.