സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ബാന്‍ഫ് നാഷണല്‍ പാര്‍ക്കില്‍ സാഹസിക ജോലി: മെയ് 25 നകം അപേക്ഷ സമര്‍പ്പിക്കാം 

By: 600002 On: May 24, 2024, 9:08 AM

 


ബാന്‍ഫ് നാഷണല്‍പാര്‍ക്കില്‍ സമ്മര്‍ സീസണില്‍ സാഹസികതയും യാത്രയും ഇഷ്ടപ്പെടുന്നവര്‍ക്ക് സാഹസിക ജോലി വാഗ്ദാനം ചെയ്ത് മൊറൈന്‍ ലേക്ക് ബസ് കമ്പനി. ഇതുവരെ അപേക്ഷിച്ചത് നൂറുകണക്കിന് പേരെന്ന് കമ്പനി പറയുന്നു. ലോകമെമ്പാടും നിന്നും നൂറിലധികം അപേക്ഷകളാണ് ജോലിക്കായി ലഭിച്ചിരിക്കുന്നതെന്ന് മൊറൈന്‍ ലേക്ക് ബസ് കമ്പനി പറഞ്ഞു. മൊറൈന്‍ ലേക്ക്, ലേക്ക് ലൂയിസ് എന്നിവയ്ക്ക് അരികിലൂടെയുള്ള ട്രെയിലൂടെ സഞ്ചരിച്ച് യാത്രയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഉള്ളടക്കം നിര്‍മിക്കുന്നതിനും വിദഗ്ധരായ രണ്ട് ആളുകളെയാണ് കമ്പനി തിരയുന്നത്. സോഷ്യല്‍മീഡിയയില്‍ കനേഡിയന്‍ പൗരന്മാരുമായി തങ്ങളുടെ സാഹസികത പങ്കുവയ്ക്കാന്‍ ഉത്സാഹമുള്ള ആളുകളെയാണ് തിരയുന്നതെന്ന് മൊറെയ്ന്‍ ലേക്ക് ബസ് കമ്പനി ഉടമ ജെസ്സി കിറ്റെറിഡ്ജ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

ബാന്‍ഫ്, കനേഡിയന്‍ റോക്കീസ് എന്നിവ പര്യവേക്ഷണം ചെയ്യാനും സാഹസികരെ പ്രോത്സാഹിപ്പിക്കാനുമാണ് ജീവനക്കാര്‍ ശ്രമിക്കേണ്ടതെന്ന് കിറ്റെറിഡ്ജ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 15 നും ഓഗസ്റ്റ് 15 നും ഇടയില്‍ ജോലി ചെയ്യണം. ഹൈക്ക്, പാഡില്‍, ക്യാമ്പ് തുടങ്ങിയവയെല്ലാം രേഖപ്പെടുത്തിവയ്ക്കണം. 8,000 ഡോളറാണ് വേതനം വാഗ്ദാനം ചെയ്യുന്നത്. 2,000 ഡോളര്‍ ബോണസും ബാന്‍ഫില്‍ സൗജന്യ താമസസൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. 

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ മെയ് 25 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.