ലണ്ടന്‍ ഡ്രഗ്‌സ് സൈബര്‍ ആക്രമണം: കോര്‍പ്പറേറ്റ് ഡാറ്റ ഹാക്കര്‍മാര്‍ പുറത്തുവിട്ടു 

By: 600002 On: May 24, 2024, 8:11 AM

 


കനേഡിയന്‍ ഫാര്‍മസി റീട്ടെയ്ല്‍ ശൃംഖലയായ ലണ്ടന്‍ ഡ്രഗ്‌സില്‍ സൈബര്‍ ആക്രമണം നടത്തി ചോര്‍ത്തിയെടുത്ത കോര്‍പ്പറേറ്റ് ഡാറ്റ പുറത്തുവിട്ട് ഹാക്കര്‍മാര്‍. 25 മില്യണ്‍ ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ട സൈബര്‍ കുറ്റവാളികള്‍ പണം 48 മണിക്കൂറിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ ഡാറ്റ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പായ ലോക്ക്ബിറ്റാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. ലണ്ടന്‍ ഡ്രഗ്‌സില്‍ നിന്നും ലോക്ക്ബിറ്റ് മോഷ്ടിച്ച ഡാറ്റ മോചനദ്രവ്യം നല്‍കാത്തതിനെ തുടര്‍ന്ന് പുറത്തുവിട്ടതായി ലണ്ടന്‍ ഡ്രഗ്‌സ് അറിയിച്ചു. ഈ ഡാറ്റയില്‍ ജീവനക്കാരുടെ വിവരങ്ങള്‍ അടങ്ങിയിരിക്കാമെന്നും കമ്പനി പറയുന്നു. 

മോഷ്ടിക്കപ്പെട്ട ഫയലുകള്‍ ഏതൊക്കെയാണെന്ന് പരിശോധിച്ചുവരികയാണെന്നും വ്യക്തിപരമായ വിവരങ്ങള്‍ അപഹരിക്കപ്പെട്ടോയെന്ന കാര്യം വിലയിരുത്തുകയാണെന്നും ജീവനക്കാരെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുമെന്നും കമ്പനി അറിയിച്ചു. വ്യക്തിഗത വിവരങ്ങളെ ബാധിച്ചേക്കാന്‍ സാധ്യതയുണ്ടെന്നതിന്റെ പശ്ചാത്തലത്തില്‍ ഡാറ്റ മോഷ്ടിക്കപ്പെട്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ 24 മാസത്തെ സൗജന്യ ക്രെഡിറ്റ് മോണിറ്ററിംഗും ഐഡന്റിറ്റി തെഫ്റ്റ് സേവനങ്ങളും നല്‍കുമെന്നും ലണ്ടന്‍ ഡ്രഗ്‌സ് അറിയിച്ചിട്ടുണ്ട്.