ആകാശച്ചുഴി: കാലാവസ്ഥ കാരണമോ? 

By: 600002 On: May 23, 2024, 12:11 PM

 


വിമാന അപകടങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം കേള്‍ക്കുന്ന പദമാണ് ആകാശച്ചുഴി അഥവാ ടര്‍ബുലന്‍സ്. കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്നുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴിയില്‍ പെട്ടപ്പോള്‍ നഷ്ടമായത് ബ്രിട്ടീഷ് പൗരന്റെ ജീവനാണ്. നിരവധി യാത്രക്കാര്‍ പരുക്കേറ്റ് ചികിത്സയിലാണ്. ഇതോടെ ആകാശച്ചുഴി എന്ന പദം പേടിപ്പെടുത്തുന്ന ഒന്നായി മാറി. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനം കാരണം കാറ്റിന്റെ സമ്മര്‍ദ്ദത്തിലും ചലന വേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും വലിക്കുകയും ചെയ്യും. ഇതിനെ വിശേിപ്പിക്കുന്ന പദമാണ് ടര്‍ബുലന്‍സ് അഥവാ ആകാശച്ചുഴി. 

ആകാശച്ചുഴികള്‍ മിക്ക വിമാനയാത്രയ്ക്കിടയിലും ഉണ്ടാകാറുള്ളതാണ്. ചെറിയ തോതില്‍ വിമാനം കുലുങ്ങുന്നത് കൂടാതെ, ശക്തിയേറിയ രീതിയില്‍ എടുത്തിട്ട് അടിക്കുന്നത് പോലെയും കടലിലെ തിരമാലകള്‍ പോലെ ആടിയുലകയും ചെയ്യും. എന്നാല്‍ യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്ന വിധത്തിലുള്ള അപകടങ്ങള്‍ ചുരുക്കമാണെന്നും അതില്‍ തന്നെ വളരെ അപൂര്‍വമായിട്ടാണ് മരണങ്ങള്‍ സംഭവിച്ചിട്ടുള്ളതെന്നും വിദഗ്ധര്‍ പറയുന്നു. 

വിമാനത്തില്‍ കയറിയ ഉടന്‍ സീറ്റ്‌ബെല്‍റ്റ് ഉറപ്പിക്കുക എന്നതാണ് യാത്രക്കാര്‍ ആദ്യം ചെയ്യേണ്ടത്. ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലയുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചവര്‍ക്ക് വളരെ ചെറിയ പരുക്കുകള്‍ മാത്രമാണ് സംഭവിക്കുക എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസം സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ യാത്രക്കാരില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാലാവസ്ഥയും ആകാശച്ചുഴിയില്‍പ്പെട്ട് വിമാനങ്ങള്‍ക്ക് അപകടമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. സാധാരണ രീതിയില്‍ ഒരു വിമാനം യാത്ര ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് കാലാവസ്ഥ നിരീക്ഷിക്കുമ്പോള്‍ തന്നെ ആകാശച്ചുഴികള്‍ ഉള്ള സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. അതിനാല്‍ തന്നെ  ആ പോയന്റിലേക്ക് എത്തുന്നതിന് മുമ്പ് പൈലറ്റിന് തയാറായി ഇരിക്കാന്‍ സാധിക്കും. യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കുകയും തയാറായി ഇരിക്കാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍ നേരത്തെ കണ്ടുപിടിക്കാന്‍ സാധിക്കാത്ത ടര്‍ബുലന്‍സ് ഉണ്ടാകും. അവയാണ് കൂടുതലും അപകടങ്ങള്‍ക്ക് കാരണമാകുന്നത്.