1985 എയര്‍ ഇന്ത്യ ബോംബ് സ്‌ഫോടനക്കേസ് പ്രതി റിപുദാമന്‍ സിംഗ് മാലിക്കിന്റെ മകന് വധഭീഷണി; മുന്നറിയിപ്പ് നല്‍കി ആര്‍സിഎംപി  

By: 600002 On: May 23, 2024, 9:27 AM

 


1985 ലെ എയര്‍ ഇന്ത്യ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ റിപുദാമന്‍ സിംഗ് മാലിക്കിന്റെ മകന്‍ ഹര്‍ദീപ് മാലിക്കിനെതിരെ വധഭീഷണിയുണ്ടെന്ന് ആര്‍സിഎംപി ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കി. 331 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് കൂട്ടക്കൊല, ഗൂഢാലോചന, എന്നീ കുറ്റങ്ങളില്‍ നിന്ന് 2005 ല്‍ കുറ്റവിമുക്തനാക്കപ്പെട്ടയാളാണ് റിപുദാമന്‍ സിംഗ് മാലിക്ക്. ബ്രിട്ടീഷ് കൊളംബിയയില്‍ താമസിച്ചിരുന്ന റിപുദാമന്‍ സിംഗിനെ 2022 ല്‍ അജ്ഞാതര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

സറേയില്‍ വ്യവസായിയാണ് മകന്‍ ഹര്‍ദീപ് മാലിക്. ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ വധത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ വാദവും ഇന്ത്യന്‍ പൗരന്മാരായ പ്രതികളുടെ അറസ്റ്റും മാലിക്കിനെതിരായ വധഭീഷണി ശക്തമാക്കുന്നതായി ആര്‍സിഎംപി അറിയിച്ചു. 

സിംഗ് മാലിക്കിന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കഴിഞ്ഞയാഴ്ച ഫ്രാന്‍സില്‍ യാത്ര ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ദീപ് മാലിക്കിനെ വധിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തുന്നതായുള്ള വിവരം ലഭിച്ചതും തുടര്‍ന്ന് ജീവന്‍ അപകടത്തിലാണെന്ന് അറിയിച്ച് ആര്‍സിഎംപി കത്ത് നല്‍കിയതും.