മറ്റ് സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് റിലീസുമായി 'ടര്‍ബോ'; എത്തുന്നത് 364 സ്ക്രീനുകളില്‍

By: 600007 On: May 23, 2024, 5:04 AM

 

ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഔട്ട്സൈഡ് കേരള സ്ക്രീന്‍ കൌണ്ടുമായി മമ്മൂട്ടി ചിത്രം ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ കോമഡി ചിത്രം ഇതര സംസ്ഥാനങ്ങളിലെ 364 സ്ക്രീനുകളിലാണ് വ്യാഴാഴ്ച പ്രദര്‍ശനം ആരംഭിക്കുക. മലയാള സിനിമയില്‍ എക്കാലത്തെയും റെക്കോര്‍ഡ് ആണിത്.

മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോക്കിരിരാജയും മധുരരാജയും ഒരുക്കിയ ഹിറ്റ് കോമ്പിനേഷനിലേക്ക് മിഥുന്‍ കൂടി എത്തുന്ന ചിത്രം വലിയ പ്രീ റിലീസ് പ്രതീക്ഷയാണ് ഉയര്‍ത്തിയിരിക്കുന്നത്. വമ്പന്‍ പ്രീ സെയില്‍സുമാണ് ചിത്രം നേടിയത്. 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.


മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.