യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകും, സിംഗപ്പൂർ എയർലൈൻസ്

By: 600007 On: May 23, 2024, 4:41 AM

 

വിമാനം ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്നുണ്ടായ അപകത്തിൽ ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്. വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് സിംഗപ്പൂർ എയർലൈൻസ് സിഇഒ ​ഗോചുൻ ഫോങ് അറിയിച്ചു. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ സിംഗപ്പൂർ എയർലൈൻസ് പ്രതിജ്ഞാബദ്ധമാണെന്ന് ഗോചുൻ ഫോങ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരന്നു. 


ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ സിംഗപ്പൂർ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബോയിങ് 777300 ഇ.ആർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാർ ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടത്. 37,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനം 31000 അടിയിലേക്ക് താഴ്ന്നു. അടിയന്തിര സാഹചര്യത്തെത്തുടർന്ന് വിമാനം ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം ആൻഡമാൻ കടലിന് മുകളിൽ വെച്ച് അഞ്ച് മിനിറ്റ് കൊണ്ട് വിമാനം 6000 അടി താഴ്ചയിലേക്ക് എത്തി. വിമാനം താഴെയിറങ്ങിയ ഉടൻ യാത്രക്കാർക്ക് അടിയന്തിര വൈദ്യ സഹായം എത്തിച്ചു. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിൽ പെട്ടെന്നുണ്ടാകുന്ന ശക്തമായ വ്യതിയാനം മൂലമാണ് എയർഗട്ടറുകൾ ഉണ്ടാകുന്നത്.