ഹെലികോപ്റ്റർ തകർന്നതിനു പിന്നാലെ അന്വേഷണത്തിനായി ഇറാൻ യുഎസ് സഹായം തേടി

By: 600007 On: May 23, 2024, 4:30 AM

വാഷിങ്ടൻ: പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ഹെലികോപ്റ്റർ വനമേഖലയിലെ മലമ്പ്രദേശത്ത് തകർന്നു വീണതിനു പിന്നാലെ അന്വേഷണത്തിനായി ഇറാൻ യുഎസിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലറാണ് ഇറാൻ സർക്കാർ സഹായം തേടിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

ശത്രുരാജ്യമായ യുഎസിനെ ഇറാൻ ബന്ധപ്പെട്ടത് അസാധാരണനീക്കമായി. എന്തു സഹായത്തിനും തയാറാണെന്ന് പ്രതികരിച്ചെങ്കിലും സംഭവസ്ഥലത്ത് എത്തിച്ചേരാനുള്ള വിഷമം കണക്കിലെടുത്ത് യുഎസ് ഒടുവിൽ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. യുഎസിന്റെ ഉൾപ്പെടെ ഉപരോധം മൂലം മികച്ച ഹെലികോപ്റ്ററുകളും വിമാനങ്ങളും ഇറാന് ഇല്ലാതെ പോയതാണ് അപകടത്തിൽ കലാശിച്ചതെന്ന ആരോപണവും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് തള്ളി. 45 കൊല്ലം പഴക്കമുള്ള ഹെലികോപ്റ്റർ മോശം കാലാവസ്ഥയിൽ പറത്താൻ തീരുമാനിച്ച ഇറാൻ തന്നെയാണ് കുറ്റക്കാരെന്ന് ഡിപ്പാർട്മെന്റ് വക്താവ് അഭിപ്രായപ്പെട്ടു.