കാനഡയ്ക്കും ലോകത്തിനുമെതിരെ ഭാവിയിലുണ്ടാകുന്ന ഭീഷണികള്‍ പട്ടികപ്പെടുത്തി ഫെഡറല്‍ പാനല്‍ 

By: 600002 On: May 22, 2024, 5:39 PM

 


സമീപഭാവിയില്‍ കാനഡയെയും ലോകത്തെയും പുനര്‍നിര്‍മ്മിച്ചേക്കാന്‍ സാധ്യതയുള്ള ഭീഷണികളെ പട്ടികപ്പെടുത്തി എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡയ്ക്കുള്ളിലെ തിങ്ക്-ടാങ്ക് റിപ്പോര്‍ട്ട്. പോളിസി ഹൊറൈസണ്‍സ് കാനഡ(പിഎച്ച്‌സി)യാണ് പാനല്‍ ലിസ്റ്റ് തയാറാക്കിയത്. ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നതും സംഭവിക്കാന്‍ സാധ്യതയുള്ളതുമായ ഭീഷണികളാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. സത്യത്തിനെതിരെയുള്ള ഭീഷണിയാണ് ഏറ്റവും വലിയ പ്രത്യാഘാതമുണ്ടാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഇന്‍ഫര്‍മേഷന്‍ ഇക്കോസിസ്റ്റത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും(AI) മനുഷ്യരും സൃഷ്ടിച്ച തെറ്റായ വിവരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുമെന്ന് പിഎച്ച്‌സിയുടെ റിപ്പോര്‍ട്ട് പറയുന്നു. തെറ്റായ വിവരങ്ങള്‍ കൈമാറുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പങ്കാളിത്തം വളരെ പ്രധാനമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

പാരിസ്ഥിതികമായ ഭീഷണികളാണ് പട്ടികയില്‍ ആദ്യ പത്തിലുള്ളത്. ജൈവവൈവിധ്യത്തിന്റെ നഷ്ടം മൂലമുള്ള ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും പ്രതികൂല കാലാവസ്ഥാ സംഭവങ്ങളും ഭീഷണിയാണ്. രാജ്യത്തിന്റെ പ്രതികരണശേഷിയെ തകര്‍ക്കാന്‍ തക്ക ശേഷിയുള്ള ഭീഷണികളാണിവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ ജൈവവൈവിധ്യത്തിലുണ്ടായ തകര്‍ച്ച എല്ലാ ജീവജാലങ്ങളിലും ആഘാതം സൃഷ്ടിച്ചേക്കാം. ശുദ്ധവായു, വെള്ളം, ഭക്ഷണം തുടങ്ങിയവ പോലുള്ള മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെ അപകടത്തിലാക്കിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.