എലോൺ മസ്കാണെന്നും പറഞ്ഞു പറ്റിച്ചു, പ്രേമം വിശ്വസിച്ച യുവതിക്ക് പോയിക്കിട്ടിയത് 42 ലക്ഷം രൂപ

By: 600007 On: May 22, 2024, 3:54 PM

 

ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് വന്നതിന് ശേഷം മനുഷ്യരുടെ പല ജോലികളും അനായാസമായിത്തീർന്നിട്ടുണ്ട്. അതുപോലെ തന്നെ തട്ടിപ്പുകാരും ആർ‌ട്ടിഫിഷ്യൽ ഇന്റലിജൻസും സാങ്കേതികവിദ്യയും ഒക്കെ ഉപയോ​ഗിച്ച് അവരുടെ ജീവിതവും ഈസിയാക്കുന്നുണ്ട്. അങ്ങനെ ദക്ഷിണ കൊറിയയിൽ നിന്നുള്ള ഒരു യുവതിക്ക് നഷ്ടപ്പെട്ടത് 42 ലക്ഷം രൂപയാണ്. 

അതും ചില്ലറ അബദ്ധമൊന്നുമല്ല യുവതിക്ക് സംഭവിച്ചിരിക്കുന്നത്. യുവതിയെ എലോൺ മസ്ക്കാണെന്നും പറഞ്ഞ് പറ്റിച്ചാണ് ലക്ഷങ്ങൾ തട്ടിയെടുത്തിരിക്കുന്നത്. യുവതിയോട് പ്രണയമാണ് എന്നും എലോൺ മസ്കായി രൂപം മാറിയെത്തിയ തട്ടിപ്പുകാരൻ പറഞ്ഞു. ഡീപ് ഫേക്ക് വഴിയാണ് എലോൺ മസ്കായി ഇയാൾ യുവതിയെ പറ്റിച്ചത്. തന്നെ എലോൺ മസ്ക് സ്നേഹിക്കുന്നുണ്ടെന്നും തന്നെ പണക്കാരിയാക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും യുവതി വിശ്വസിച്ചത്രെ. 


'കഴിഞ്ഞ വർഷമാണ്, ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ജൂലൈ 17 -ന് ഇൻസ്റ്റ​ഗ്രാമിൽ എലോൺ മസ്ക് എന്റെ സുഹൃത്തായി മാറി. ഞാനാണെങ്കിൽ എലോൺ മസ്കിന്റെ ജീവിതകഥ വായിച്ച ശേഷം അദ്ദേഹത്തിന്റെ വലിയ ആരാധികയായിരുന്നു. ആദ്യം എനിക്ക് ഇത് ശരിക്കും എലോൺ മസ്ക് തന്നെയാണോ എന്ന് സംശയം തോന്നിയിരുന്നു. എന്നാൽ, പിന്നീട് തനിക്ക് വീഡിയോ കോൾ വന്നു. ശരിക്കും എലോൺ മസ്കിനെ പോലെ തന്നെയായിരുന്നു വിളിച്ചിരുന്നയാൾ. അയാൾ ഒരുപാട് സംസാരിച്ചു. തന്റെ ആരാധകർ താൻ കാരണം പണക്കാരാകുന്നതിൽ സന്തോഷമുണ്ട് എന്ന് പറഞ്ഞു. മക്കളെ കുറിച്ചും ഒക്കെ പറഞ്ഞു. ഒപ്പം, ഞാൻ നിന്നെ സ്നേഹിക്കുന്നു നിനക്കതറിയുമോ എന്നും ചോദിച്ചു' എന്നും യുവതി പറയുന്നു. 

എന്തായാലും, യുവതി അത് ശരിക്കും എലോൺ മസ്ക് തന്നെയാണ് എന്നാണ് വിശ്വസിച്ചത്. അങ്ങനെ തട്ടിപ്പുകാരൻ യുവതിയിൽ നിന്നും അടിച്ചെടുത്തത് 70 മില്ല്യൺ കൊറിയൻ വോണാണ്. ഇത് ഏകദേശം 42 ലക്ഷം വരും. പിന്നീട്, പണം പോയ ശേഷം ഇത് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട യുവതി പൊലീസിനെ സമീപിക്കുകയായിരുന്നത്രെ.