നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും ഹൂസ്റ്റണ്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍

By: 600002 On: May 22, 2024, 1:14 PM

 

 

പി പി ചെറിയാന്‍, ഡാളസ് 

പോര്‍ട്ടര്‍(ഹൂസ്റ്റണ്‍): മോണ്ട്ഗോമറി കൗണ്ടിയിലെ പോര്‍ട്ടറില്‍ സംഭവിച്ച കാര്‍ റോള്‍ഓവര്‍ അപകടത്തെത്തുടര്‍ന്ന് ഓഫ് ഡ്യൂട്ടി ഹ്യൂസ്റ്റണ്‍ പോലീസ് ഉദ്യോഗസ്ഥന്‍ അദാന്‍ ലോപ്പസ് അറസ്റ്റില്‍. അപകട സമയത്തു  നിയമവിരുദ്ധ തോക്ക് കൈവശം വച്ചതിനും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുമാണ് അറസ്റ്റ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഡെപ്യൂട്ടികള്‍ അപകടസ്ഥലത്തെത്തുമ്പോള്‍ അദാന്‍ ലോപ്പസ്സിനും കാറിന്റെ ഡ്രൈവര്‍ നോര്‍മ മിറാന്‍ഡാ എസ്ട്രാഡക്കും ആംബുലന്‍സില്‍ ചികിത്സ നല്‍കുകയായിരുന്നു. 

മദ്യപിച്ച് വാഹനമോടിച്ചതായി സംശയിക്കുന്ന എസ്ട്രാഡയെ ഉദ്യോഗസ്ഥര്‍ ആദ്യം  അറസ്റ്റ് ചെയ്യുകയും മദ്യപിച്ച് വാഹനമോടിച്ചതിന് കുറ്റം ചുമത്തുകയും ചെയ്തു.
എസ്ട്രാഡയുടെ ഫീല്‍ഡ് സോബ്രിറ്റി ടെസ്റ്റ് നടത്തുമ്പോള്‍, ഡെപ്യൂട്ടികള്‍  ആവശ്യപ്പെട്ടത് ചെയ്യാന്‍ ലോപ്പസ് വിസമ്മതിക്കുകയും അന്വേഷണത്തില്‍ സ്ഥിരമായി ഇടപെടുകയും ചെയ്തതായും എന്ന് ഡെപ്യൂട്ടികള്‍ പറയുന്നു.

പൊതുചുമതലയില്‍ ഇടപെട്ടതിനും നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനുമാണ് ലോപ്പസിനെ അറസ്റ്റ് ചെയ്തത്. എസ്ട്രാഡ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. എന്നാല്‍ ലോപ്പസിനു സീറ്റ് ബെല്‍റ്റ് ഇല്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുഖത്ത് ഒന്നിലധികം മുറിവുകളുണ്ടായിരുന്ന ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.