കനേഡിയന്‍ റീട്ടെയ്ല്‍ ഫാര്‍മസി ശൃംഖലയായ ലണ്ടന്‍ ഡ്രഗ്‌സില്‍ സൈബര്‍ ആക്രമണത്തില്‍ പ്രതികള്‍ 25 മില്യണ്‍ ഡോളര്‍ മോചന ദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കമ്പനിയോട് 48 മണിക്കൂറിനുള്ളില്‍ മോചനദ്രവ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടതായി റാന്‍സംവെയര്‍ ഗ്രൂപ്പ് പങ്കുവെച്ച പോസ്റ്റില്‍ സൂചിപ്പിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രോലിഫിക് റാന്‍സംവെയര്‍ സിന്‍ഡിക്കേറ്റ് ലോക്ക്ബിറ്റ് ഡാര്‍ക്ക് വെബില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളാണ് സൈബര്‍ ആക്രമണം നടത്തിയതെന്നും മോചന ദ്രവ്യം ആവശ്യപ്പെട്ടതായും പ്രസ്താവനയില്‍ പറയുന്നു. കൂടാതെ എട്ട് മില്യണ്‍ ഡോളര്‍ നല്‍കാമെന്ന് ലണ്ടന്‍ ഡ്രഗ്‌സ് വാഗ്ദാനം ചെയ്തതായും പ്രസ്താവനയില്‍ ഗ്രൂപ്പ് വ്യക്തമാക്കി.
അതേസമയം, മോചനദ്രവ്യം ആവശ്യപ്പെട്ടതായുള്ള വിശദാംശങ്ങള്‍ ലണ്ടന്‍ ഡ്രഗ്‌സ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സൈബര്‍ കുറ്റവാളികള്‍ക്ക് മോചനദ്രവ്യം നല്‍കാന്‍ കമ്പനി തയാറല്ലന്നും അതിന് കഴിയില്ലെന്നും ലണ്ടന്‍ ഡ്രഗ്‌സ് പ്രതികരിച്ചു. ആഗോളതലത്തിലുള്ള സൈബര്‍ കുറ്റവാളികളുടെ സംഘമാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് കമ്പനി പറഞ്ഞു. തുടര്‍ച്ചയായ അന്വേഷണത്തിലൂടെയാണ് ലണ്ടന്‍ ഡ്രഗ്‌സ് ഡാര്‍ക്ക് വെബിലെ സൈബര്‍ കുറ്റവാളികളുടെ ഇരകളായി മാറിയതെന്നും സൈബര്‍ ആക്രമണത്തില്‍ ജീവനക്കാരുടേത് ഉള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്നാണ് കരുതുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.