കഴിഞ്ഞ വര്‍ഷം ടൊറന്റോയില്‍ ഭവനഭേദനം നടത്തി ആക്രമിച്ച സംഭവം: പ്രതികള്‍ രക്ഷപ്പെട്ടത് കാല്‍ഗറിയില്‍ നിന്നും മോഷ്ടിച്ച കാറിലെന്ന്‌ പോലീസ്; അഞ്ച് പ്രതികള്‍ പിടിയില്‍ 

By: 600002 On: May 22, 2024, 11:20 AM

 


കഴിഞ്ഞ വര്‍ഷം കാല്‍ഗറിയില്‍ നടന്ന സായുധ കാര്‍ജാക്കിംഗില്‍ മോഷ്ടിച്ച വാഹനം ക്രിസ്മസ് രാത്രിയില്‍ ടൊറന്റോയില്‍ നടന്ന അക്രമത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെടാനായി ഉപയോഗിച്ചതായി ഗ്രേറ്റര്‍ ടൊറന്റോ പോലീസ്. 2023 ഡിസംബര്‍ 24 ന് വോണില്‍ നടന്ന ഭവനഭേദന കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണം നടത്തുന്നതിനിടെയാണ് ഇക്കാര്യം കണ്ടെത്തിയത്. മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുടമസ്ഥനോട് പണം ആവശ്യപ്പെടുകയും കുടുംബാംഗങ്ങളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അക്രമിക്കുകയുമായിരുന്നുവെന്ന് യോര്‍ക്ക് റീജിയണല്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു ഉദ്യോഗസസ്ഥന്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഒരു കുറ്റവാളിയെ കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 

പ്രതികള്‍ രക്ഷപ്പെട്ടത് കറുത്ത സെഡാനിലായിരുന്നു. ഇത് 2023 നവംബര്‍ 10 ന് കാല്‍ഗറിയില്‍ നടന്ന കാര്‍ജാക്കിംഗില്‍ മോഷ്ടിച്ച കാറായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റ് നാല് പ്രതികളെ കൂടി പോലീസ് പിടികൂടി. ഇവരില്‍ നിന്നും തോക്കും കണ്ടെടുത്തു. ഇവര്‍ക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികള്‍ ഒരു വലിയ ക്രിമിനല്‍ ശൃംഖലയുടെ ഭാഗമാണെന്ന് പോലീസ് പറഞ്ഞു. ലോറിന്‍ വുള്‍ഫ്(33), അലി മുഹമ്മദ്(26), ബസ്സാരാഗ്(32), ജാമി ലീ ടൂട്ടോസിസ്(36), എല്‍സി ജിമ്മി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.