ആല്‍ബെര്‍ട്ടയില്‍ പണപ്പെരുപ്പം കുറയുന്നു; കാനഡയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം കാല്‍ഗറിയില്‍ 

By: 600002 On: May 22, 2024, 10:49 AM

 


ആല്‍ബെര്‍ട്ടയില്‍ പണപ്പെരുപ്പം കുറയുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. എന്നാല്‍ കാനഡയില്‍ ഏറ്റവും കൂടുതല്‍ പണപ്പെരുപ്പം രേഖപ്പെടുത്തിയത് കാല്‍ഗറിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയിലെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് മാര്‍ച്ചിലെ 2.9 ശതമാനത്തില്‍ നിന്നും കുറഞ്ഞ് ഏപ്രിലില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.7 ശതമാനത്തിലെത്തി. കാല്‍ഗറിയിലാണ് ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയത്. 

അതേസമയം, പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും ആല്‍ബെര്‍ട്ടയില്‍ വാടക നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. തുടര്‍ച്ചയായി എട്ടാം മാസവും പ്രവിശ്യയിലെ വാടക നിരക്ക് വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആല്‍ബെര്‍ട്ടയിലെ പണപ്പെരുപ്പ നിരക്കിലെ ഇടിവിന് വൈദ്യുതി, പ്രകൃതിവാതക നിരക്കിലെ കുറവ് കാരണമായതായി ഫെഡറല്‍ ഏജന്‍സി അറിയിച്ചു. എന്നാല്‍ പ്രവിശ്യയിലെ വാടക നിരക്ക് കുതിച്ചുയര്‍ന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാര്‍ച്ചിലെ 14.2 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ ആല്‍ബെര്‍ട്ടയിലെ വാടക നിരക്ക് 16.2 ശതമാനമായി ഉയര്‍ന്നു. ആല്‍ബെര്‍ട്ടയിലേക്കുള്ള കുടിയേറ്റം ഉയര്‍ന്നതാണ് വാടക നിരക്ക് വര്‍ധനയ്ക്ക് കാരണമെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു.