സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു; 30 പേര്‍ക്ക് പരുക്കേറ്റു 

By: 600002 On: May 22, 2024, 10:22 AM




സിംഗപ്പൂര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം ബാങ്കോക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ശക്തമായ ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം കുലുങ്ങിവിറക്കുകയായിരുന്നു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള 777-300ER  വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 

സംഭവത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ പരസ്യമായി ക്ഷമാപണം നടത്തി. വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് അനുഭവിക്കേണ്ടി വന്ന വേദനയില്‍ ഖേദിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തില്‍ സിഇഒ ഗോ ചൂന്‍ ഫോങ് പറഞ്ഞു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തില്‍ ബന്ധപ്പെട്ട അധികാരികളുമായി തങ്ങള്‍ പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് 73 വയസ്സുള്ള ബ്രിട്ടീഷ് പൗരനായ യാത്രക്കാരനാണ് മരിച്ചത്. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും ഹൃദയാഘാതം സംഭവിച്ചതാകാം മരണകാരണമെന്നുമാണ് പ്രാഥമിക വിവരം. എന്നാല്‍ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.