ലണ്ടന്‍ ഡ്രഗ്‌സ് സൈബര്‍ ആക്രമണം:  ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്ന് റിപ്പോര്‍ട്ട് 

By: 600002 On: May 21, 2024, 12:31 PM

 

 

ലണ്ടന്‍ ഡ്രഗ്‌സ് സ്‌റ്റോറുകളില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ ജീവനക്കാരുടെ വിവരങ്ങളും ചില കോര്‍പ്പറേറ്റ് ഫയലുകളും ചോര്‍ന്നിരിക്കാമെന്ന് കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാഴ്ച മുമ്പാണ് കനേഡിയന്‍ റീട്ടെയ്ല്‍ ഫാര്‍മസി ശൃംഖലയായ ലണ്ടന്‍ ഡ്രഗ്‌സ് സ്റ്റോറില്‍ സൈബര്‍ ആക്രമണം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് വെസ്‌റ്റേണ്‍ കാനഡയിലുടനീളമുള്ള സ്‌റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചിട്ടിരുന്നു. നിലവില്‍ ഫോറന്‍സിക് അന്വേഷണങ്ങളും പരിശോധനകളും നടന്നുകൊണ്ടിരിക്കുകയാണ്. ഈ പരിശോധനയിലാണ് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന ചില കോര്‍പ്പറേറ്റ് ഫയലുകള്‍ ചോര്‍ന്നിരിക്കാമെന്ന് കണ്ടെത്തിയത്. 

ഡാറ്റ അവലോകനം ചെയ്യുന്നതിനാല്‍ ഹാക്ക് ചെയ്യപ്പെട്ട ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളുടെ വ്യാപ്തിയെക്കുറിച്ച് പ്രത്യേക വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് ലണ്ടന്‍ ഡ്രഗ്‌സ് പ്രതികരിച്ചു. ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരം എല്ലാ ജീവനക്കാര്‍ക്കും കൈമാറിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നതായി കണ്ടെത്തിയോ ഇല്ലെയോ എന്ന് പരിഗണിക്കാതെ ജീവനക്കാര്‍ക്ക് 24 മാസത്തെ കോംപ്ലിമെന്ററി ക്രെഡിറ്റ് മോണിറ്ററിംഗ് ഐഡന്റിറ്റി തെഫ്റ്റ് പ്രൊട്ടക്ഷന്‍ സര്‍വീസ് നല്‍കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.