ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍; ജീവനക്കാര്‍ക്ക് എട്ട് മാസത്തെ ശമ്പളം ബോണസായി നല്‍കി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 

By: 600002 On: May 21, 2024, 12:09 PM

 

 

ജീവനക്കാര്‍ക്ക് ഏകദേശം എട്ട് മാസത്തെ ശമ്പളം ബോണസ് ആയി നല്‍കാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വാര്‍ഷിക ലാഭം നേടിയതിന് പിന്നാലെയാണ് എയര്‍ലൈന്‍സ് ഇത്തരത്തിലൊരു അതിശയിപ്പിക്കുന്ന തീരുമാനമെടുത്തത്. മെയ് 15ന് റെക്കോര്‍ഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ബോണസ് പ്രഖ്യാപനം. 

ആറര മാസത്തെ ശമ്പളം ബോണസും കൂടാതെ കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട പരിശ്രമങ്ങള്‍ക്ക് ഒന്നര മാസത്തെ അധിക ശമ്പളവും ലഭിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സിറ്റി-സ്റ്റേറ്റ് കാരിയര്‍ 2.67 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് വാര്‍ഷിക ലാഭമാണ് നേടിയത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനം കൂടുതലാണ്. 

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മറ്റ് എയര്‍ലൈന്‍സുകളെ അപേക്ഷിച്ച് വേഗത്തില്‍ വീണ്ടും സര്‍വീസ് ആരംഭിക്കുകയും വിപണി വീണ്ടെടുക്കുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ പ്രതിമാസ യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള യാത്രക്കാരുടെ എണ്ണത്തിന്റെ 97 ശതമാനം ആയിരുന്നു.