വാഹനമോഷണം തടയാന്‍ ദേശീയ കര്‍മ്മ പദ്ധതിയുമായി ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: May 21, 2024, 10:33 AM

 


വാഹനമോഷണങ്ങളെ ചെറുക്കുന്നതിനുള്ള ദേശീയ കര്‍മ്മ പദ്ധതി അവതരിപ്പിച്ച് ഫെഡറല്‍ സര്‍ക്കാര്‍. വാഹനമോഷണവുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന മോഷ്ടാക്കള്‍ക്കെതിരെ കര്‍ശനമായ നിയമങ്ങളും ശിക്ഷാനടപടികളും ഉള്‍പ്പെടുത്തി വിശദമായ രൂപരേഖ തയാറാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. തിങ്കളാഴ്ച ബ്രാംപ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കാബിനറ്റ് അംഗങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചു. വാഹനമോഷണത്തിനെതിരെ പോരാടുന്നതിന് മുമ്പ് പ്രഖ്യാപിച്ച കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സിക്കും(CBSA) വിവിധ പോലീസ് ഏജന്‍സികള്‍ക്കുള്ള ധനസഹായവും ക്രിമിനല്‍ കോഡ് ഭേദഗതികളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 

2022 ലെ ഇന്‍ഡസ്ട്രി എസ്റ്റിമേറ്റ് പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പ്രവിശ്യകളില്‍ വാഹനമോഷണ നിരക്ക് ഉയര്‍ന്നു. ക്യുബെക്കില്‍ 50 ശതമാനം മോഷണങ്ങള്‍ വര്‍ധിച്ചു. ഒന്റാരിയോയില്‍ 34.5 ശതമാനം ഉയര്‍ന്നു. മോഷ്ടിച്ച വാഹനങ്ങളില്‍ ഭൂരിഭാഗവും ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലുമാണ് വില്‍ക്കപ്പെടുന്നത്. ഇതിലൂടെ ലഭിക്കുന്ന പണം കാനഡയിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതായി ഫെഡറല്‍ സര്‍ക്കാര്‍ പറയുന്നു. 

കാര്‍ മോഷണ സംഘങ്ങളുടെ തലവന്മാരെയും സംഘടിത കുറ്റകൃത്യങ്ങളിലൂടെ പണം സമ്പാദിക്കുന്നവരെയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ കടുത്ത ശിക്ഷാ നടപടികള്‍ വിഭാവനം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി അറ്റോര്‍ണി ജനറല്‍ ആരിഫ് വിരാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.