തലമുറകളുടെ ആഘോഷം, പിറന്നാൾ നിറവിൽ മലയാളത്തിന്റെ 'എമ്പുരാൻ'

By: 600007 On: May 21, 2024, 2:52 AM

 

 


തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ആ അഭിനയകുലപതി ഇന്ന് തന്റെ അറുപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ അസുലഭ നിമിഷത്തിൽ മലയാളികൾ വീണ്ടും ഏറ്റുപാടി 'നെഞ്ചിനകത്ത്..ലാലേട്ടൻ..'. 

വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി 1960 മെയ് 21ന് ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലാലേട്ടനാണ്. തിരുവനന്തപുരം മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിൽ ആയിരുന്നു കുട്ടി മോഹന്‍ലാൽ ബാല്യകാലം ആ​ഘോഷിച്ചത്. തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മോഹന്‍ലാല്‍ എംജി കോളേജില്‍ നിന്നു ബികോം ബിരുദം സ്വന്തമാക്കി. സ്കൂള്‍ പഠനകാലത്ത്‌ മികച്ച നാടകനടനുള്ള പുരസ്ക്കാരങ്ങള്‍ നേടിയ മോഹൻലാല്‍ കോളേജിൽ എത്തിയതോടെ കഥ മാറി. സിനിമയുമായി ചങ്ങാത്തത്തിലായി. 


മോഹൻലാലിന്റെ ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു പ്രിയദര്‍ശനും സുരേഷ്കുമാറും. ഇവരുമായി ചേര്‍ന്ന് ഭാരത്‌ സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ചു. ഒടുവിൽ 1978 സെപ്റ്റംബര്‍ മൂന്നിന് 'തിരനോട്ടം' എന്ന സിനിമയിലൂടെ മോഹൻലാൽ വെള്ളിത്തിരയില്‍ അരങ്ങേറി. എന്നാൽ ഈ സിനിമ റിലീസ് ചെയ്തില്ല. ശേഷം ഫാസിൽ സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ മുഖം ബി​ഗ് സ്ക്രീനിൽ തെളിയുക ആയിരുന്നു. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തിയ മോഹൻലാൽ പ്രേക്ഷക ശ്രദ്ധനേടി. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ നിറഞ്ഞാടി. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നു. 

പിന്നീട് ലാലിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. എത്രയെത്ര മോഹലാല്‍ കഥാപത്രങ്ങള്‍ പ്രേക്ഷകൾക്ക് മുന്നിലെത്തി. വില്ലനായും കോമാളിയായും രക്ഷകനായും കാവൽക്കാരനായും തമ്പുരാനായും മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നടത്തിയ പകര്‍ന്നാട്ടങ്ങള്‍ സ്വന്തമെന്ന പോലെ ചിരപരിചിതമായി മലയാളികൾക്ക്. തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കിടയില്‍ അവരിലൊരാളായും, സങ്കടപ്പെടുന്നവരുടെ കണ്ണീരൊപ്പിയും പ്രണയിനികളുടെ കാമുകനായും മോഹൻലാല്‍ കഥാപാത്രങ്ങള്‍ കൂട്ടിനെത്തി. മോഹൻലാൽ എന്ന സൂപ്പർ താരത്തെ ലാലേട്ടൻ എന്ന് മലയാളികൾ ഒരേ സ്വരത്തിൽ വിളിച്ചു.