ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റിന്റെ മൃതദേഹം ടബ്രിസിലേക്ക് കൊണ്ടുപോകും 

By: 600002 On: May 20, 2024, 12:46 PM
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെയും ഒപ്പമുണ്ടായിരുന്ന വിദേശകാര്യമന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍ ഉള്‍പ്പെടെയുള്ളവരുടെയും മൃതദേഹങ്ങള്‍ വടക്കുപടിഞ്ഞാറന്‍ ഇറാനിലെ നഗരമായ ടബ്രിസിലേക്ക് കൊണ്ടുപോകും. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇസ്ലാമിക് റിപ്പബ്ലിക് റെഡ് ക്രസന്റ് സൊസൈറ്റിയുടെ(ഐആര്‍സിഎസ്) മേധാവി പിര്‍ ഹൊസൈന്‍ കൊലിവാന്ദ് ആണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായും പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു. ടബ്രിസിലെ രക്തസാക്ഷികളെ അടക്കം ചെയ്ത കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ പ്രത്യേക സ്ഥലത്തേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. 

ഇറാന്‍-അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ അണക്കെട്ട് ഉദ്ഘാടനത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ വിദൂരവനമേഖലയില്‍ അപകടത്തില്‍പ്പെട്ടത്. മൂടല്‍മഞ്ഞും മഴയും മൂലം മോശം കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.