ജീവിതച്ചെലവ് വര്‍ധിച്ചു; വേതനത്തില്‍ പിന്നില്‍; ആല്‍ബെര്‍ട്ട ഇനി വേജ് ലീഡറല്ലെന്ന് റിപ്പോര്‍ട്ട് 

By: 600002 On: May 20, 2024, 11:44 AM

 


കാനഡയിലെ മറ്റ് പ്രവിശ്യകളെയും പ്രദേശങ്ങളെയും അപേക്ഷിച്ച് ആല്‍ബെര്‍ട്ടയില്‍ പ്രതിവാര, മണിക്കൂര്‍, വാര്‍ഷിക വേതന
വര്‍ധനവ് വളരെ താഴെയാണ്. വേതനത്തില്‍ ഏറെ പിന്നിലാണ്. ഹൗസിംഗ്, എജ്യുക്കേഷന്‍ ഫീസ്, ഗ്യാസ്, ഗ്രോസറി തുടങ്ങി എല്ലാത്തിനും നിരക്ക് കുതിച്ചുയര്‍ന്നു. ആല്‍ബെര്‍ട്ടയിലെ രണ്ട് പ്രധാന നഗരങ്ങളായ കാല്‍ഗറിയും എഡ്മന്റണും രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളായി മാറിയതായി ആല്‍ബെര്‍ട്ട ഫെഡറേഷന്‍ ഓഫ് ലേബര്‍(എഫ്എല്‍) സാമ്പത്തിക വിദഗ്ധനും ഗവേഷകനുമായ ഡോ. ജിം സ്റ്റാന്‍ഫോര്‍ഡ് പറയുന്നു. 

ആല്‍ബെര്‍ട്ടയിലെ ജീവിതച്ചെലവ് വളരെ ഉയര്‍ന്നതാണ്. കാനഡയിലെ ഏറ്റവും ചെലവേറി നഗരങ്ങളായ വാന്‍കുവറിനും ടൊറന്റോയ്ക്കും സമീപം കാല്‍ഗറിയും എഡ്മന്റണും എത്തിയതായി മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ആല്‍ബെര്‍ട്ടയുടെ ശരാശരി വേതനം 2023 ലെ ദേശീയ ശരാശരിയേക്കാള്‍ മൂന്ന് ശതമാനം കൂടുതലായിരുന്നു. 2013 ലെ 17 ശതമാനം നേട്ടത്തില്‍ നിന്ന് ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 

പ്രവിശ്യയിലെ ജോലിക്കാരുടെ പ്രതിവാര വേതനം ഇപ്പോഴും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വര്‍ധനവ് മാത്രമാണ് കാണിക്കുന്നത്. എല്ലാ ആഴ്ചയിലും 2.3 ശതമാനം വര്‍ധനവാണ് ഉണ്ടായത്. എല്ലാ പ്രവിശ്യകളേക്കാളും കുറവാണിത്. കൂടാതെ ദേശീയ ശരാശരിയേക്കാള്‍ വളരെ താഴെയുമാണ്. ബീസിയിലാണ് ഏറ്റവും ഉയര്‍ന്ന പ്രതിവാര വേതനം. 4.5 ശതമാനത്തില്‍ കൂടുതലാണ് പ്രതിവാര വേതന വര്‍ധന. ആല്‍ബെര്‍ട്ടയിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഒരു ശതമാനം കൂടുകലായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ഏപ്രിലില്‍ ഇത് ഏഴ് ശതമാനമായിരുന്നു.