ഓങ്കോളജിസ്റ്റുകളുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കും: ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു  

By: 600002 On: May 20, 2024, 10:27 AM

 

 

ജനസംഖ്യാ വര്‍ധനവിന് അനുസൃതമായി കാന്‍സര്‍ പരിചരണം നല്‍കുന്നതിന് ആവശ്യമായ ഓങ്കോളജിസ്റ്റുകളില്ലാതെ വരുന്നത് പ്രവിശ്യയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍(AMA). ഇത് സംബന്ധിച്ച് അസോസിയേഷന്‍ സര്‍ക്കാരിനെ ആശങ്കകള്‍ അറിയിച്ചു. ലോകത്തില്‍ ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സയാണ് പ്രവിശ്യയില്‍ ലഭ്യമാക്കുന്നത്. എന്നാല്‍ അത് ആക്‌സസ് ചെയ്യാന്‍ സാധിക്കാത്തത് രോഗത്തെ തരണം ചെയ്യാനുള്ള രോഗബാധിതരുടെ ആത്മവിശ്വാസത്തെയും കഴിവിനെയും വളരെയധികം ബാധിക്കുമെന്നും ആശങ്ക ജനിപ്പിക്കുമെന്നും എഎംഎ പ്രസിഡന്റ് ഡോ. പോള്‍ പാര്‍ക്ക്‌സ് പറയുന്നു. 

പത്ത് വര്‍ഷം മുമ്പുള്ള അതേ എണ്ണം ഓങ്കോളജിസ്റ്റുകള്‍ ആല്‍ബെര്‍ട്ടയില്‍ ഇപ്പോഴുണ്ട്. എന്നാല്‍ പ്രവിശ്യയിലേക്ക് ആളുകള്‍ കൂട്ടത്തോടെ കുടിയേറുന്നതിനാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 ഓളം ഓങ്കോളജിസ്റ്റുകളെ അധികമായി നിയമിക്കേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു. പ്രവിശ്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടിയതോ പരിശീലനം പൂര്‍ത്തിയാക്കിയതോ ആയ ഡോക്ടര്‍മാര്‍ മറ്റ് പ്രവിശ്യകളിലേക്കോ രാജ്യങ്ങളിലേക്കോ ജോലിക്കായി മാറുന്നത് മറ്റൊരു പ്രശ്‌നമാണെന്നും പാര്‍ക്ക്‌സ് പറഞ്ഞു. കൂടാതെ രോഗനിര്‍ണയം, ചികിത്സ എന്നിവയ്ക്കായുള്ള കാത്തിരിപ്പ് സമയം വര്‍ധിച്ചതും രോഗികളെ വലയ്ക്കുന്നുണ്ട്. 

ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളില്‍ നിന്ന് വ്യത്യസ്തമായി ഓങ്കോളജിസ്റ്റുകളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങളില്‍ ആല്‍ബെര്‍ട്ട വളരെ പിന്നിലാണെന്നും അസോസിയേഷന്‍ വിമര്‍ശിക്കുന്നു. അതേസമയം, ആല്‍ബെര്‍ട്ടയിലുടനീളമുള്ള കേന്ദ്രങ്ങളിലേക്ക് ഓങ്കോളജിസ്റ്റുകളെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പ്രതികരിച്ചു. ചികിത്സയ്ക്കുള്ള ആക്‌സസിനാണ് മുന്‍ഗണനയെന്ന് എഎച്ച്എസും കൂട്ടിച്ചേര്‍ത്തു.