ഗ്രോസറി കോഡ് ഓഫ് കണ്ടക്ടില്‍ ഒപ്പുവയ്ക്കാന്‍ വാള്‍മാര്‍ട്ട്, കോസ്റ്റ്‌കോ കമ്പനികള്‍ വിസമ്മതിക്കുന്നു: ഇന്‍സ്ട്രി മിനിസ്റ്റര്‍

By: 600002 On: May 20, 2024, 9:25 AM

 


വാള്‍മാര്‍ട്ട്, കോസ്റ്റ്‌കോ തുടങ്ങിയ ഗ്രോസറി ശൃംഖലകള്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ഗ്രോസറി പെരുമാറ്റച്ചട്ടത്തില്‍ ഒപ്പുവെക്കാന്‍ വിസമ്മതിക്കുന്നതായി ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ ഫ്രാന്‍സ്വേ ഫിലിപ്പ് ഷാംപെയ്ന്‍ അറിയിച്ചു. ആദ്യം വിസമ്മതിച്ചിരുന്ന ഗ്രോസറി ഭീമന്‍ ലോബ്ലോ ഗ്രോസറി പെരുമാറ്റച്ചട്ടം പാലിക്കാന്‍ ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഗ്രോസറി കോഡ് ഓഫ് കണ്ടക്ടില്‍ ഒപ്പിടാമെന്ന് ലോബ്ലോ പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ ലോബ്ലോവില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അതിന്റെ ഫലം കാണാമെന്നും മന്ത്രി പറഞ്ഞു. വാള്‍മാര്‍ട്ടിനും കോസ്റ്റ്‌കോയ്ക്കും സര്‍ക്കാരിന്റെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യം അവഗണിക്കാനാവില്ലെന്നും പെരുമാറ്റച്ചട്ടത്തില്‍ ഒപ്പുവെക്കാന്‍ സമ്മതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്വമേധയാ ഉള്ള പെരുമാറ്റച്ചട്ടം രണ്ട് വര്‍ഷത്തിലേറെയായി രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍ ഭക്ഷ്യവില സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നതിനുള്ള മാര്‍ഗമായി ഇതിനെ മാറ്റുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഗ്രോസറി റീട്ടെയ്‌ലര്‍മാരും വിതരണക്കാരും തമ്മിലുള്ള ന്യായമായ ഇടപാടുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുകയാണ് പെരുമാറ്റച്ചട്ടം ലക്ഷ്യമിടുന്നത്.