ആര്‍സിബിയുടെ വിജയത്തില്‍ കണ്ണ് നിറഞ്ഞ്, വികാരാധീനനായി വിരാട് കോലിയും ഭാര്യ അനുഷ്‌കയും

By: 600007 On: May 19, 2024, 9:17 AM

 

 

ബംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗിസിനെതിരായ നിര്‍ണായക വിജയത്തില്‍ വികാരാധീനനായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി. യഷ് ദയാല്‍ അവസാന പന്തും പൂര്‍ത്തിയാക്കിയപ്പോഴാണ് കോലിക്ക് നിയന്ത്രിക്കാനാവാതിരുന്നത്. ക്രിക്കറ്റ് ആരാധകര്‍ എഴുതിത്തള്ളിയിടത്ത് നിന്നാണ് ആര്‍സിബിയുടെ തിരിച്ചുവരവ്. ആദ്യ എട്ട് മത്സരങ്ങളില്‍ ഒരുജയം മാത്രമാണ് ആര്‍സിബിക്ക് ഉണ്ടായിരുന്നത്. പിന്നീട് പ്ലേ ഓഫിലെത്താനുള്ള സാധ്യത ഒരു ശതമാനം മാത്രമായിരുന്നു. 

തുടര്‍ന്ന് ആറ് മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ആര്‍സിബി പ്ലേ ഓഫിലെത്തുന്നത്. അതുകൊണ്ടുതന്നെകോലിക്ക് തന്റെ ആവേശം അടക്കാനാവുന്നുണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെ ഒടിചെന്ന് കെട്ടിപ്പിടിച്ച കോലി ഗ്യാലറിയിലുണ്ടായിരുന്ന ഭാര്യ അനുഷ്‌ക ശര്‍മയ്ക്ക് നേരെ കൈകളുയര്‍ത്തി കാണിച്ചു

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. 201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകള്‍.