യുദ്ധശേഷമുള്ള ഗാസ; ക്യാബിനറ്റിലെ ഭിന്നതയ്ക്ക് പിന്നാലെ രാജി ഭീഷണിയുമായി മന്ത്രി

By: 600007 On: May 19, 2024, 9:11 AM

ടെൽ അവീവ്: യുദ്ധശേഷമുള്ള ഗാസയുടെ ഭാവിയേ ചൊല്ലി ഇസ്രയേൽ യുദ്ധ ക്യാബിനറ്റിൽ ഭിന്നത രൂക്ഷം. ഗാസാ മുനമ്പിലെ യുദ്ധ ശേഷമുള്ള ഭരണ സംവിധാനത്തേക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ വെളിപ്പെടുത്തിയില്ലെങ്കിൽ രാജി വയ്ക്കുമെന്നാണ് യുദ്ധ ക്യാബിനറ്റ് മന്ത്രിയായ ബെന്നി ഗാന്റ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 8നുള്ളിൽ തീരുമാനം പ്രഖ്യാപിക്കണമെന്നാണ് മുന്നറിയിപ്പ്. നയതന്ത്രപരമായ ആറ് ലക്ഷ്യങ്ങൾ പറഞ്ഞിരിക്കുന്ന സമയ പരിധിക്കുള്ളിൽ വിശദമാക്കണമെന്നാണ് ബെന്നി ഗാന്റ്സ് വ്യക്തമാക്കിയിരിക്കുന്നത്. ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിച്ച് വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഭരണം നടപ്പിലാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ബെന്നി ഗാന്റ്സ് ആവശ്യപ്പട്ടിരിക്കുന്നത്. 

ദേശീയതയെ വ്യക്തിപരമാക്കുകയാണെങ്കിൽ യുദ്ധ പങ്കാളികളെ കണ്ടെത്താനാവും. എന്നാൽ മതഭ്രാന്തന്മാരുടെ പാത തെരഞ്ഞെടുത്ത് രാജ്യത്തെ മുഴുവൻ ഗർത്തത്തിൽ ചാടിക്കാൻ നിർബന്ധിക്കുകയാണെങ്കിൽ സർക്കാർ വിടാൻ ഞങ്ങൾ നിർബന്ധിതരാവുമെന്നാണ് യുദ്ധക്യാബിനറ്റിലെ വിമത നേതാക്കൾ ബെഞ്ചമിൻ നെതന്യാഹുവിന് നൽകിയ മുന്നറിയിപ്പെന്നാണ് ബിബിസി റിപ്പോർട്ട് വിശദമാക്കുന്നത്. എന്നാൽ പ്രതികരണങ്ങൾ തള്ളിയ നെതന്യാഹു അങ്ങനെ ചെയ്താൽ അത് ഇസ്രയേലിന്റെ തോൽവിയെന്നാണ് വിലയിരുത്തിയത്.