കാല്‍ഗറിയിലെ നാല് കൊലപാതകങ്ങള്‍: പിന്നില്‍ സീരിയല്‍ കില്ലറെന്ന് പോലീസ്

By: 600002 On: May 18, 2024, 10:48 AM

 

കാല്‍ഗറിയില്‍ 1970 കളില്‍ നടന്ന നാല് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സീരിയല്‍ കില്ലറാണെന്ന് പോലീസ്. വെള്ളിയാഴ്ച എഡ്മന്റണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഈവ് ദ്വോറക്(14), പട്രീഷ്യ മക്വീന്‍(14) മെലിസ റെഹോറെക്(20), ബാര്‍ബറ മക്ലീന്‍(19) എന്നിവരെ കൊലപ്പെടുത്തിയത് ഗാരി അലന്‍ ശ്രീറി എന്ന അമേരിക്കന്‍ പൗരനാണെന്ന് പോലീസ് വ്യക്തമാക്കിയത്. നാല് പേരുടെയും കൊലപാതകത്തിന് സാമ്യമുണ്ട്. കൊല്ലപ്പെടുന്നതിന് മുമ്പ് നാല് പേരും നടക്കാന്‍ ഇറങ്ങിയിരുന്നു. നാല് പേരും ശ്വാസംമുട്ടിയാണ് കൊല്ലപ്പെട്ടതെന്നും മൃതദേഹങ്ങള്‍ നഗരത്തിന് പുറത്ത് ഉപേക്ഷിക്കുക.ും ചെയ്ത നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും  അന്നത്തെ സൗകര്യങ്ങള്‍ വെച്ച് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് നാല് ഇരകളിലുമുണ്ടായിരുന്ന പുരുഷ ഡിഎന്‍എ പ്രൊഫൈലുമായി ശ്രീറിയുടെ ഡിഎന്‍എ പൊരുത്തപ്പെടുന്നതായി സ്ഥിരീകരിച്ചു. 

പിന്നീട് നടത്തിയ അന്വേഷണത്തില്‍ ശ്രീറി കാല്‍ഗറിയില്‍ എത്തുന്നതിന് മുമ്പ് അമേരിക്കയില്‍ നിരവധി ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതിയായിരുന്നുവെന്ന് കണ്ടെത്തി. കാല്‍ഗറിയില്‍ കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ ഇയാള്‍ കാനഡയില്‍ അനധികൃതമായി താമസിക്കുകയായിരുന്നു. 

ഏകദേശം 50 വര്‍ഷത്തോളമായി ഈ കേസില്‍ ഒരു തുമ്പും കിട്ടാതെയിരിക്കുകയായിരുന്നുവെന്ന് ആല്‍ബെര്‍ട്ട ആര്‍സിഎംപി ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഡേവ് ഹാള്‍ പറഞ്ഞു. കുറ്റവാളിയെ കണ്ടെത്തി. കൊല്ലപ്പെട്ട നാല് പേര്‍ക്കും ഇനി നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റേണ്‍ കാനഡയില്‍ പരിഹരിക്കപ്പെടാത്ത സമാനകേസുകളില്‍ ശ്രീറിയുടെ പങ്കുണ്ടാവാമെന്നും കരുതുന്നതായി പോലീസ് പറഞ്ഞു.