സറേയില്‍ ഒരു മാസം മുമ്പ് കാണാതായ ഇന്ത്യന്‍ വംശജയായ യുവതിക്കു വേണ്ടി തിരച്ചില്‍ തുടരുന്നതായി പോലീസ് അറിയിച്ചു. 19 വയസ്സുള്ള സിമ്രാന്‍ ഖത്ര എന്ന യുവതിയെയാണ് സറേയിലെ ബിയര്‍ ക്രീക്കിന് സമീപം കാണാതായത്. ഏപ്രില്‍ 27 ന് വൈകിട്ട് 6.30 നാണ് സിമ്രാനെ കാണാതായത്. 88 അവന്യുവില്‍ വെച്ചാണ് സിമ്രാനെ അവസാനമായി കണ്ടത്. കാണാതാകുമ്പോള്‍ കറുത്ത ഹൂഡിയും ചാരനിറത്തിലുള്ള പാന്റും ധരിച്ചിരുന്നു.
സിമ്രാനു വേണ്ടിയുള്ള തിരച്ചില്‍ സാധ്യമായ രീതികളെല്ലാം അവലംബിച്ച് ഊര്‍ജിതമായി തുടരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പൊതുജനങ്ങളുടെ സഹായവും പോലീസും കുടുംബവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബിയര്‍ ക്രീക്ക് പാര്‍ക്കില്‍ പലയിടങ്ങളിലായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
മകളുടെ തിരോധാനം തന്നെയും കുടുംബത്തെയും സാരമായി ബാധിച്ചതായി പിതാവ് വരീന്ദര്‍ ഖത്ര പറഞ്ഞു. കാണാതായ ദിവസം ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സിമ്രാന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും കണക്ടായില്ലെന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയര്‍ന്നതായി വരീന്ദര്‍ പറഞ്ഞു. സിമ്രാനെ കാണാതായ ദിവസം വൈകുന്നേരം സജീവമായിരുന്ന ഫോണ്‍ വീണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പിന്നീട് ഫോണ്‍ പോലീസിന് ലഭിച്ചു. ഇത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും ഫോണ്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നും വരീന്ദര്‍ പറഞ്ഞു. അപസ്മാരത്തിന് മരുന്ന് കഴിക്കുന്നതിനാല്‍ സിമ്രാന്റെ സുരക്ഷയെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും വരീന്ദര്‍ പറഞ്ഞു.