ബ്രെത്ത് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ അറസ്റ്റിലാകും; ഒന്റാരിയോയില്‍ പുതിയ നയം പ്രഖ്യാപിച്ച് ഒപിപി 

By: 600002 On: May 18, 2024, 8:33 AM

 

കഴിഞ്ഞയാഴ്ച ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അശ്രദ്ധമായ വാഹനമോടിക്കുന്നവരെ പിടികൂടാനായി പുതിയ നയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ ബോധവാന്മാരായിരിക്കണം. ജിടിഎയിലെ ഒപിപി പട്രോൡഗ് നടത്തുന്ന ഹൈവേയിലെ ട്രാഫിക് സ്റ്റോപ്പില്‍ ഏത് സമയത്തും ബ്രെത്ത് സാമ്പിള്‍ ആവശ്യപ്പെടുമെന്ന് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. സംശയത്തിന്റെ അഭാവത്തില്‍ പോലും ഡ്രൈവറുടെ ശ്വസന പരിശോധന നടത്താന്‍ പോലീസിനെ അനുവദിക്കുന്നതിനായി 2018 ല്‍ ഭേദഗതി വരുത്തിയ കാനഡയുടെ മാന്‍ഡേറ്ററി ആല്‍ക്കഹോള്‍ സ്‌ക്രീനിംഗിന്റെ(MAS) മുഴുവന്‍ നിര്‍ദേശങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. 

അമിതവേഗത, വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗം, മറ്റ് ട്രാഫിക് നിയമലംഘനങ്ങള്‍ തുടങ്ങിയവയ്ക്ക് ഡ്രൈവര്‍മാര്‍ പിടിയിലായാലും മദ്യം ഉപയോഗിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ശ്വസന സാമ്പിളുകള്‍ പരിശോധിക്കുമെന്ന് ഒപിപി സര്‍ജന്റ് കെറി ഷ്മിഡ് പറഞ്ഞു.

ഡ്രൈവര്‍മാര്‍ ബ്രെത്ത് ടെസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്യുമെന്ന് ഷ്മിത്ത് വ്യക്തമാക്കി. ഒരു ഡ്രൈവര്‍ ബ്രെത്ത് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ അനന്തരഫലങ്ങള്‍ വളരെ വലുതായിരിക്കുമെന്ന് അശ്രദ്ധമായ ഡ്രൈവിംഗ് കേസുകളില്‍ മാത്രം പ്രാക്ടീസ് ചെയ്യുന്ന ഡിഫന്‍സ് ലോയര്‍ മൈക്കല്‍ എംഗലും കൂട്ടിച്ചേര്‍ത്തു.