സോഷ്യല്‍മീഡിയയില്‍ സഹായഅഭ്യര്‍ത്ഥന പോസ്റ്റുകള്‍ രണ്ടുവട്ടം ആലോചിച്ച് പങ്കിടുക: മുന്നറിയിപ്പ് നല്‍കി പ്രിന്‍സ് ജോര്‍ജ് ആര്‍സിഎംപി 

By: 600002 On: May 18, 2024, 8:00 AM

 

ഹൃദയഭേദക പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കിടുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്ന് സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രിന്‍സ് ജോര്‍ജ് ആര്‍സിഎംപി. തട്ടിപ്പുകാര്‍ ബെയ്റ്റ്-ആന്‍ഡ് സ്വിച്ച് സ്‌കാമുകളില്‍ ഈ പോസ്റ്റുകള്‍ ഉപയോഗിക്കുന്നുവെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഈയാഴ്ച ഇത്തരം തട്ടിപ്പ് സംബന്ധിച്ച് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. 

യഥാര്‍ത്ഥ പോസ്റ്റ് ചിലപ്പോള്‍ കാണാതായ കുട്ടിയെ കണ്ടെത്താനോ നഷ്ടപ്പെട്ടുപോയ നായയെ കണ്ടെത്താനോ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതായിരിക്കും. ഈ പോസ്റ്റ് പലരും ഷെയര്‍ ചെയ്യുന്നതിലൂടെ വിവരമറിയാനും സഹായം ലഭിക്കാനും പ്രയോജനപ്പെടും. എന്നാല്‍ തട്ടിപ്പുകാര്‍ ഈ പോസ്റ്റിന്റെ ഉള്ളടക്കം മാറ്റി തട്ടിപ്പ് നടത്താന്‍ ഉപയോഗിക്കുന്നുവെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

പലപ്പോഴും വ്യാജ വാടക പരസ്യമോ എന്തെങ്കിലും മത്സരത്തിന്റെ പരസ്യമോ, അല്ലെങ്കില്‍ ക്യാഷ് പേഔട്ടോ ഒക്കെയായി ഈ പോസ്റ്റുകളെ മാറ്റുന്നു. സോഷ്യല്‍മീഡിയ പേജില്‍ പോസ്റ്റ് കാണുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇത് നിയമാനുസൃതമാണെന്ന് വിശ്വസിക്കുകയും കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുന്നു. അവര്‍ പണം നഷ്ടപ്പെടുകയോ പറ്റിക്കപ്പെടുകയോ ചെയ്യുന്നുവെന്നും പോലീസ് പറഞ്ഞു. 

ഇത്തരത്തില്‍ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പങ്കിടുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നും ഒരേ പോസ്റ്റ് മറ്റ് പേജുകളില്‍ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. റിവേഴ്‌സ് ഇമേജ് സെര്‍ച്ച് പോസ്റ്റ് തട്ടിപ്പാണോയന്ന് കണ്ടെത്താന്‍ സഹായിക്കുമെന്നും പോലീസ് വിശദീകരിച്ചു.