ഒന്റാരിയോയില്‍ അഞ്ചാംപനി ബാധിച്ച് കുട്ടി മരിച്ചതായി പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ സ്ഥിരീകരിച്ചു. 1989 ല്‍ രോഗബാധ ട്രാക്ക് ചെയ്യാന്‍ ആരംഭിച്ചതിന് ശേഷം പ്രവിശ്യയില്‍റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ അഞ്ചാംപനി ബാധിച്ചുള്ള മരണമാണിത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിയാണ് മരിച്ചത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വൈറസിനെതിരെ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ റിപ്പോര്‍ട്ട് ചെയ്തു.
2024 ല്‍ പ്രവിശ്യയില്‍ 22 അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചത്. അതില്‍ 13 പേര്‍ കുട്ടികളും 9 പേര്‍ മുതിര്‍ന്നവരുമാണ്. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരിലേക്കും മുമ്പ് അഞ്ചാംപനി ബാധിച്ചിട്ടില്ലാത്തവരിലേക്കും വളരെ വേഗത്തില്‍ വൈറസ് പടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ശിശുക്കള്‍, പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ എന്നിവര്‍ ജാഗ്രത പാലിക്കണമെന്നും പബ്ലിക് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി.