'ഡ്രിപ്പ് പ്രൈസിംഗ്': കോംപറ്റീഷന്‍ ബ്യൂറോയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍  ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം 

By: 600002 On: May 17, 2024, 11:55 AM

 

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ സര്‍പ്രൈസ് ഫീസ് ഈടാക്കുന്നത് കണ്ടെത്തിയാല്‍ അത് കോംപറ്റീഷന്‍ ബ്യൂറോയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം. ഷോപ്പിംഗ് നടത്തുമ്പോള്‍ വെളിപ്പെടുത്താത്ത ഫീസും സര്‍ചാര്‍ജുകളും ഡ്രിപ്പ് പ്രൈസിംഗ് എന്ന് അറിയപ്പെടുന്നു. കോംപറ്റീഷന്‍ ആക്ടിന് കീഴില്‍ ഇത് നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. ഡ്രിപ്പ് പ്രൈസിംഗ് കണ്ടെത്തിയാല്‍ ഉപഭോക്താക്കള്‍ ഇനി റിപ്പോര്‍ട്ട് ചെയ്യാം. ഇതുവഴി കേസ് ചാര്‍ജ് ചെയ്യാനും പിഴ ഈടാക്കാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് ഡ്രിപ്പ് പ്രൈസിംഗിനെതിരെ പോരാടാനും സഹായിക്കും. 

പ്രോസസിംഗ് ഫീസ്, ബുക്കിംഗ് ഫീസ്, ക്ലീനിംഗ് ഫീസ്, അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് എന്നിവ ഡ്രിപ്പ് പ്രൈസിംഗിന്റെ ഉദാഹരണങ്ങളാണ്. 'പതിയിരിക്കുന്ന അപകടമാണ്' ഡ്രിപ്പ് പ്രൈസിംഗ് എന്ന് കോംപറ്റീഷന്‍ ബ്യൂറോ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

മാന്‍ഡേറ്ററി ഫീസ് വില്‍പ്പന വിലയില്‍ മുന്‍കൂട്ടി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലോ, ആ ഉല്‍പ്പന്നത്തിന്റെയോ സര്‍വീസിന്റെയോ വില അപ്രാപ്യമാക്കുകയാണെങ്കില്‍ ബിസിനസ്സ് നിയമം ലംഘിക്കുകയാണെന്ന് ബ്യൂറോ പറയുന്നു. ഡ്രിപ്പ് പ്രൈസ് കണ്ടെത്തിയാല്‍ കോംപറ്റീഷന്‍ ബ്യൂറോയെ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.