ഇനി തെറ്റായ വിവരങ്ങള്‍ നല്‍കാനാവില്ല; യൂട്യൂബ് ഹെല്‍ത്ത് ഉള്ളടക്കങ്ങളില്‍ ആധികാരികത ഉറപ്പുവരുത്തും 

By: 600002 On: May 17, 2024, 11:19 AM

 


ഓണ്‍ലൈനില്‍ ആരോഗ്യ സംരക്ഷണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തേടുന്ന കനേഡിയന്‍ പൗരന്മാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള തെറ്റായ ആധികാരികല്ലാത്ത പല വിവരങ്ങളും ഉപയോക്താക്കളിലേക്കെത്തുന്നുണ്ട്. ഈ പ്രശ്‌നത്തെ നേരിടാന്‍ ഒരുങ്ങുകയാണ് യൂട്യൂബ്. ഇനിമുതല്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ ക്രിയേറ്റേഴ്‌സിന്റെ വിശ്വാസ്യത പരിശോധിക്കും. 

ലൈസന്‍സുള്ളതും വിശ്വസനീയവുമായ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മെന്റല്‍ ഹെല്‍ത്ത് പ്രൊഫഷണലുകളുടെയും ആധികാരിക ഉള്ളടക്കം മാത്രമേ യൂട്യൂബ് ഹെല്‍ത്തില്‍ നല്‍കുന്നുള്ളൂവെന്ന് അധികൃതര്‍ ഉറപ്പുവരുത്തും. ആരോഗ്യ സംബന്ധിയായ കൃത്യവും വിശ്വസനീയവുമായ ഉള്ളടക്കങ്ങള്‍ മാത്രമേ ഉപയോക്താക്കളിലേക്ക് എത്തിക്കൂവെന്ന തീരുമാനമാണ് ഇത്തരത്തിലൊരു നീക്കത്തിന് കാരണമെന്ന് യൂട്യൂബ് ഹെല്‍ത്ത് ഗ്ലോബല്‍ ഹെഡും കാര്‍ഡിയോളജിസ്റ്റുമായ ഡോ.ഗാര്‍ത്ത് ഗ്രഹാം പറഞ്ഞു. 

ആളുകള്‍ക്ക് ആരോഗ്യ സംബന്ധിയായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനാണ് യൂട്യൂബ് ഹെല്‍ത്ത് ആദ്യമായി 2022 ല്‍ കാനഡയില്‍ അവതരിപ്പിച്ചത്. ലോകാരോഗ്യ സംഘടന, സെന്റര്‍ ഫോര്‍ അഡിക്ഷന്‍ ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത്(സിഎഎംഎച്ച്), ടൊറന്റോ ഹോസ്പിറ്റല്‍ ഫോര്‍ സിക്ക് ചില്‍ഡ്രന്‍ എന്നിവയുമായി ചേര്‍ന്നാണ് യൂട്യൂബ് ഹെല്‍ത്ത് പ്രവര്‍ത്തിക്കുന്നത്. 

യുട്യൂബ് ഹെല്‍ത്തില്‍ അക്രഡിറ്റേഷന്‍ തേടുന്ന ആരോഗ്യ വിദഗ്ധര്‍, തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. തെളിവുകള്‍ അടിസ്ഥാനമാക്കി വിവരങ്ങള്‍ തയാറാക്കാന്‍ ശ്രമിക്കുക. യാതൊരുവിധ താല്‍പ്പര്യങ്ങളും ഇല്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ ആപ്ലിക്കേഷന്‍ പ്രോസസിലൂടെ പോകേണ്ടതുണ്ടെന്ന് ഗ്രഹാം വിശദീകരിക്കുന്നു. യൂട്യൂബ് ആധികാരികത പരിശോധിച്ച് ഉറപ്പിച്ച് കഴിഞ്ഞാല്‍ സ്‌ക്രീനിനടയില്‍ പ്രത്യേക ലേബല്‍ നല്‍കും. ഇത് ലൈസന്‍സ്ഡ് ആരോഗ്യ പ്രൊഫഷണലുകളാണെന്ന് ഉറപ്പിക്കുന്നു. തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ നിന്നും തടയാന്‍ മികച്ച മാര്‍ഗമാണിതെന്ന് അധികൃതര്‍ പറഞ്ഞു.