ജബാലിയയിൽ ഇസ്രയേൽ ബോംബ് ആക്രമണം: കെട്ടിടങ്ങൾക്ക് തീപിടിച്ചു:നിരവധിപേർക്ക് പരിക്ക്

By: 600007 On: May 17, 2024, 10:55 AM

ജറുസലം: വടക്കൻ ഗാസയിൽ ജബാലിയയിലെ പ്രധാന മാർക്കറ്റിൽ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തിൽ ഒട്ടേറെ കെട്ടിടങ്ങൾക്കു തീപിടിച്ചു. ജബാലിയയിൽ ഒട്ടേറെപ്പേർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തതായി വിവരമുണ്ടെങ്കിലും വൈദ്യസഹായവുമായി അവിടേക്ക് എത്താനാകാത്ത സ്ഥിതിയാണെന്ന് സന്നദ്ധസംഘടനകൾ പറഞ്ഞു. വടക്കൻ നഗരമായ ബെയ്ത് ഹാനൂനിലെ കെട്ടിടങ്ങളും ഫാക്ടറികളും ബുൾഡോസറുകൾ ഇടിച്ചുനിരത്തി. റഫയിലേക്കു കൂടുതൽ സൈന്യത്തെ അയയ്ക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറ‍ഞ്ഞു. 

റഫയിലെ ഹമാസിന്റെ തുരങ്കങ്ങൾ നശിപ്പിച്ചെന്നും അവകാശപ്പെട്ടു. ജബാലിയയിലെ ഉൾമേഖലകളിലേക്കു പ്രവേശിച്ച ഇസ്രയേൽ ടാങ്കുകളെ, ടാങ്ക്‌വേധ റോക്കറ്റുകൾ ഉപയോഗിച്ചു ഹമാസ് ചെറുത്തു. ഹേഗിലെ യുഎൻ ലോകകോടതിയിൽ (ഐസിജെ) ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ 2 ദിവസത്തെ വാദം ആരംഭിച്ചു. റഫ ആക്രമിക്കുന്നത് തടയണമെന്നാണ് ആവശ്യം. നാലാം വട്ടമാണു ഗാസ വിഷയത്തിൽ ദക്ഷിണാഫ്രിക്ക ലോകകോടതിയെ സമീപിക്കുന്നത്. അതിനിടെ, ഗാസ മുനമ്പിലെ താൽക്കാലിക തുറമുഖത്തിന്റെ പണി യുഎസ് സേന പൂർത്തിയാക്കി. കടൽമാർഗം സഹായവുമായെത്തുന്ന കപ്പലുകൾക്ക് ഇവിടെ അടുക്കാനാകും.