ലൈബ്രറി കാര്‍ഡ് ഉടമകള്‍ക്ക് കാനഡയിലെ ആകര്‍ഷണീയമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സുവര്‍ണാവസരം  വാഗ്ദാനം ചെയ്ത് ടൊറന്റോ പബ്ലിക് ലൈബ്രറി 

By: 600002 On: May 17, 2024, 9:09 AM

 


ദശലക്ഷകണക്കിന് ലൈബ്രറി കാര്‍ഡ് ഉടമകള്‍ക്ക് കാനഡയിലെ ആകര്‍ഷങ്ങളായ, ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ സൗജന്യമായി സന്ദര്‍ശിക്കാനുള്ള സുവര്‍ണാവസരം വാഗ്ദാനം ചെയ്ത് ടൊറന്റോ പബ്ലിക് ലൈബ്രറി. tpl:map പ്രോഗ്രാമിന്റെ ഭാഗമായുള്ള പദ്ധതിയാണിത്. 2007 മുതല്‍ ആരംഭിച്ച പദ്ധതിയില്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് സൗജന്യമായി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. സാംസ്‌കാരികപരവും ചരിത്രപരവുമായ കാനഡയുടെ സ്ഥാനത്തെ അടയാളപ്പെടുത്തുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ലൈബ്രറി കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന മികച്ച അവസരമാണിതെന്ന് ടൊറന്റോ പബ്ലിക് ലൈബ്രറി സര്‍വീസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ പാം റയാന്‍ പറഞ്ഞു. 

സിഎന്‍ ടവര്‍, ആഗാ ഖാന്‍ മ്യൂസിയം, ആര്‍ട്ട് ഗാലറി ഓഫ് ഒന്റാരിയോ, ബാറ്റ ഷൂ മ്യൂസിയം, ഹോട്ട് ഡോക്‌സ് ഫെസ്റ്റിവല്‍, ഒന്റാരിയോ സയന്‍സ് സെന്റര്‍, ടൊറന്റോ സിംഫണി ഓര്‍ക്കസ്ട്ര, ടൊറന്റോ സൂ തുടങ്ങിയ ഇടങ്ങളില്‍ സന്ദര്‍ശനം നടത്താം.

സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന അംഗങ്ങള്‍ക്ക് മറ്റ് രണ്ട് മുതിര്‍ന്നവരോ നാല് കുട്ടികളോ ഉള്ള ഗ്രൂപ്പിനൊപ്പം സാധാരണ പ്രവര്‍ത്തന സമയങ്ങളിലെ പൊതു പ്രവേശന പാസുകള്‍ ലഭ്യമാണ്. പാസുകള്‍ tpl:map വെബ്‌സൈറ്റില്‍ റിസര്‍വ് ചെയ്യാം. 14 വയസ്സും അതില്‍ താഴെയുമുള്ള കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാള്‍ ഉണ്ടായിരിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ടൊറന്റോ പബ്ലിക് ലൈബ്രറി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.