വിഷാദം മറികടക്കാൻ കഴിയുന്നില് ; 29 കാരിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലാൻഡ്‌സ്

By: 600007 On: May 17, 2024, 7:37 AM

ആംസ്റ്റർഡാം: മാനസിക ബുദ്ധിമുട്ടുകൾ അലട്ടുന്ന 29കാരിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്. വിഷാദ രോ​ഗത്തിൽ വലയുന്ന സോറയ ടെര്‍ ബീക്ക് എന്ന യുവതിക്കാണ് ജീവിതം അവസാനിപ്പിക്കാൻ അനുമതി ലഭിച്ചത്. വരുന്ന ആഴ്ചകളിൽ ജീവനൊടുക്കുമെന്ന് യുവതി അറിയിച്ചു. അതിനിടെ തീരുമാനത്തിനെതിരെ രൂക്ഷമായ എതിർപ്പാണ് ഉയരുന്നത്.

 ദയാവധം തടയണമെന്നും മരിക്കാനുള്ള തീരുമാനത്തിൽ നിന്ന് യുവതി പിന്മാറണം എന്നുമാണ് ഒരുവിഭാ​ഗം ആവശ്യപ്പെടുന്നത്. എന്നാൽ സോറയ എതിർപ്പുകളെ തള്ളിക്കൊണ്ട് രം​ഗത്തെത്തി. മാനസിക പ്രശ്നങ്ങൾ നേരിടുമ്പോൾ, നിങ്ങൾക്ക് ശരിയായി ചിന്തിക്കാൻ കഴിയില്ലെന്ന് ആളുകൾ കരുതുന്നു, അത് അപമാനകരമാണ് എന്നാണ് യുവതി പറഞ്ഞത്.


കുട്ടിക്കാലം മുതല്‍ കടുത്ത മാനസിക പ്രശ്‌നങ്ങളാണ് യുവതി അനുഭവിക്കുന്നത്. കടുത്ത വിഷാദം, ആന്‍സൈറ്റി, ട്രോമ പേഴ്‌സണാലിറ്റി ഡിസോഡര്‍ തുടങ്ങിയവ യുവതിക്കുണ്ട്. കൂടാതെ ഇവര്‍ ഓട്ടിസം ബാധിതയുമാണ്. സ്വയം ഉപദ്രവിക്കുന്നതിനൊപ്പം ആത്മഹത്യാചിന്തയും സോറയയെ അലട്ടുന്നുണ്ട്. ഒരു ചികിത്സയ്ക്കും തന്‍റെ കഷ്ടത കുറയ്ക്കാൻ കഴിഞ്ഞില്ലെന്നാണ് അവർ പറയുന്നത്. കാമുകന്‍റെ സമീപത്ത് വച്ച് വീട്ടിലെ സോഫയിൽ ദയാവധം നടത്തണമെന്ന് സോറയ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2002 മുതൽ നെതർലാൻഡ്‌സിൽ ദയാവധം നിയമവിധേയമാണ്, ‘മെച്ചപ്പെടാനുള്ള സാധ്യതയില്ലാത്ത അസഹനീയമായ കഷ്ടപ്പാടുകൾ’ അനുഭവിക്കുന്നവർക്ക് നിയമം ദയാവധത്തിന് അനുമതി നൽകുന്നത്.