കറി മസാലകളിലെ കെമിക്കലുകളുടെ അളവ്; വ്യക്തത വേണം, അന്താരാഷ്ട്ര സമിതിയോട് കടുപ്പിച്ച് ഇന്ത്യ

By: 600007 On: May 17, 2024, 3:38 AM

 

കീടനാശിനി അംശം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ ബ്രാൻഡുകളുടെ വിൽപ്പന നിരോധന ഭീഷണിക്കിടെ ഉൽപ്പന്നങ്ങളിലെ എഥിലീൻ ഓക്സൈഡിന്റെ ഉപയോഗത്തിന് പരിധി നിശ്ചയിക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര സമിതിയോട് ആവശ്യപ്പെട്ട് ഇന്ത്യ. എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം കാരണം ഇന്ത്യൻ കമ്പനികളായ എവറസ്റ്റ്, എംഡിഎച്ച് എന്നിവയുടെ ഉൽപ്പന്നങ്ങൾ പല രാജ്യങ്ങളും നിരോധിച്ചിരുന്നു. എഥിലീൻ ഓക്സൈഡ് സാധാരണയായി അണുനാശിനി, സുഗന്ധവ്യഞ്ജനങ്ങളിലെ സൂക്ഷ്മജീവികളുടെ മലിനീകരണം കുറയ്ക്കുന്നതിനുള്ള കീടനാശിനി എന്നിവയായാണ് ഉപയോഗിക്കുന്നത്. അതേ സമയം ഇതിന്റെ ഉപയോഗം അനുവദനീയമായ പരിധി കടന്നാൽ അർബുദത്തിന് വരെ കാരണമാകാം. സുഗന്ധവ്യഞ്ജനങ്ങളിൽ എഥിലീൻ ഓക്സൈഡിന്റെ ഉപയോഗത്തിന് വിവിധ രാജ്യങ്ങൾക്ക് വ്യത്യസ്ത പരിധികളുണ്ട്. അതിനാൽ, എഥിലീൻ ഓക്സൈഡ് പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങൾ അന്തിമമാക്കാനും ഇന്ത്യ ആവശ്യമുന്നയിച്ചിട്ടുണ്ട്.


ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര ഭക്ഷ്യ നിലവാരവും മാർഗ്ഗനിർദ്ദേശങ്ങളും പരിശീലന കോഡുകളും വികസിപ്പിക്കുന്നതിനായി റോമിലെ കോഡെക്സ് അലിമെന്റേറിയസ് കമ്മിറ്റിക്ക് കീഴിൽ കേരളം കേന്ദ്രീകരിച്ച് കോഡെക്സ് കമ്മിറ്റി സ്ഥാപിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്പൈസസ് ബോർഡ് കേന്ദ്രമാണ് ഇന്ത്യയിലെ കോഡക്സ് സെക്രട്ടറിയേറ്റായി പ്രവർത്തിക്കുന്നത് എഥിലീൻ ഓക്‌സൈഡിന്റെ അളവ് വർധിച്ചുവെന്നാരോപിച്ച് എംഡിഎച്ച്, എവറസ്റ്റ് എന്നിവ നിർമ്മിക്കുന്ന ചില സുഗന്ധവ്യഞ്ജനങ്ങളുടെ വിൽപ്പന സിംഗപ്പൂരും ഹോങ്കോങ്ങും നിർത്തി വച്ചിരിക്കുകയാണ്.

എവറസ്റ്റിന്റെ മീൻ കറി മസാലകൾ വാങ്ങിയ ഉപഭോക്താക്കളോട് ഇത് ഉപയോഗിക്കരുതെന്ന് സിംഗപ്പൂർ ഫുഡ് ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്. എവറസ്റ്റ് ഫിഷ് കറി മസാല ഉപയോഗിക്കുന്നവരോട് വൈദ്യോപദേശം തേടാനും നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്ക്, ഉപഭോക്താക്കൾ മസാല വാങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും അധികൃതർ ആവശ്യപ്പെട്ടു. സിംഗപ്പൂർ ഫുഡ് ഏജൻസിയുടെ നടപടിക്ക് പിന്നാലെ എസ്പി മുത്തയ്യ & സൺസ് മസാല വിപണിയിൽ നിന്നും പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചു.