40 അടിയിൽ കൂടുതൽ വലുപ്പത്തിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ ബിഎംസി

By: 600007 On: May 16, 2024, 12:07 PM

മുംബൈ: മുംബൈയിൽ 40 അടിയിൽ കൂടുതൽ വലുപ്പത്തിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ ബിഎംസി നിർദേശം. ഘാട്കോപ്പറിലെ അപകടത്തിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് മുംബൈ ഘാട്ട്കോപ്പറിലെ പെട്രോൾ പമ്പിന് മുകളിലേക്ക് 120 അടിയിലധികം വലുപ്പത്തിലുളള ബോർഡ് വീണ് 16 പേർ കൊല്ലപ്പെട്ടത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. നിരവധിപ്പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. 

സംഭവത്തിൽ ബിഎംസി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തിൽ കോർപ്പറേഷൻ കേസ് എടുത്തിരുന്നു. പരസ്യ കമ്പനി ഉടമയ്ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തത്. അനുമതികളില്ലാതെയാണ് കൂറ്റൻ പരസ്യ ബോർഡ് സ്ഥാപിച്ചതെന്നാണ് വിവരം. പരസ്യ ബോർഡ് വ്യക്തമായി കാണാനായി മരങ്ങൾ വെട്ടിയതായും ആരോപണം ഉയരുന്നുണ്ട്.


ഘാട്‌കോപ്പറിൽ തകർന്ന് വീണ പരസ്യ ബോർഡ് 120X120 അടി വലുപ്പമുള്ളതായിരുന്നു. ഇത് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചിരുന്നു. എന്നാൽ 40X40 അടിയിൽ കൂടുതൽ വലിപ്പമുള്ള പരസ്യ ബോർഡുകൾക്ക് അനുമതി നൽകാറില്ലെന്നാണ് കോർപ്പറേഷന്‍റെ പ്രതികരിച്ചത്. ഈഗോ മീഡിയ എന്ന പരസ്യ കമ്പനിയാണ് തകർന്ന് വീണ പരസ്യബോർഡ് സ്ഥാപിച്ചത്. സ്ഥാപന  ഉടമയായ ഭാവേഷ് ഭിൻഡെക്കെതിരെ ബലാത്സംഗം അടക്കം നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. 

2009ൽ മുലുന്ദ് നിയോജക മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച  ഭവേഷ് ഭിൻഡെ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആക്‌ട്, നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്‍റ് ആക്‌ട് എന്നിവ പ്രകാരം തനിക്കെതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.