കനത്ത നാശനഷ്ടം: മഴ നിയന്ത്രിക്കാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തൊനീഷ്യ

By: 600007 On: May 16, 2024, 12:02 PM

 

ജക്കാർത്ത: കനത്ത നാശനഷ്ടം വിതച്ചതിനെ തുടർന്ന് മഴ നിയന്ത്രിക്കാനൊരുങ്ങി ഇന്തൊനീഷ്യ. മഴയുടെ ഗതി തിരിച്ചുവിടാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തൊനീഷ്യ അധികൃതർ. സുമാത്ര ദ്വീപിലുണ്ടായ മിന്നൽ പ്രളയത്തിൽ 67 പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും പടിഞ്ഞാറൻ സുമാത്രയിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് ഇന്തൊനീഷ്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

അടുത്ത ആഴ്ച വരെ മഴ തുടർന്നേക്കുമെന്ന് മെറ്റീരിയോളജി, ക്ലൈമറ്റോളജി, ജിയോഫിസിക്‌സ് ഏജൻസി മേധാവി ദ്വികൊരിത കർണാവതി പറഞ്ഞു. മഴയുടെ ഗതിമാറ്റുന്നതിനു വേണ്ടിയാണ് ക്ലൗഡ് സീഡിങ് നടത്തിയതെന്നു ദേശീയ ദുരന്ത നിവാരണ ഏജൻസി അധ്യക്ഷൻ സുഹര്യാന്തോ വ്യക്തമാക്കി. പ്രശ്നബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണു നടപടി. പ്രളയത്തിൽ ആളുകളും ഡസൻ കണക്കിനു വീടുകളുമാണ് ഒലിച്ചുപോയയത്. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തിൽ മുങ്ങി. 1500 കുടുംബങ്ങൾ സർക്കാർ ക്യാംപുകളിലേക്കു മാറിയതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൽ മുഹാരി പറഞ്ഞു.