കാല്‍ഗറിയില്‍ ഇന്ത്യന്‍ വംശജനായ യുവാവിനെ കാണാതായി; പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു 

By: 600002 On: May 16, 2024, 11:34 AM

 


നോര്‍ത്ത് ഈസ്റ്റ് കാല്‍ഗറിയിലെ വീട്ടില്‍ നിന്നും കാണാതായ ഇന്ത്യന്‍ വംശജനായ യുവാവിനെ കണ്ടെത്താന്‍ കാല്‍ഗറി പോലീസ് സര്‍വീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. മെയ് 9 വ്യാഴാഴ്ച മുതല്‍ 29കാരനായ ഹിതേഷിനെയാണ് റെഡ്‌സ്റ്റോണിലെ വീട്ടില്‍ നിന്നും രാത്രി 9.30 ഓടെ കാണാതായതെന്ന് പോലീസ് അറിയിച്ചു. വീട്ടില്‍ നിന്നും ഇറങ്ങിയ ഹിതേഷ് ഏത് ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമല്ല. എന്നാല്‍ ബ്രിഡ്ജ്‌ലാന്‍ഡിനടുത്തുള്ള സമീപ പ്രദേശങ്ങളില്‍ ഹിതേഷ് പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

മെലിഞ്ഞ ശരീരവും തവിട്ട് നിറമുള്ള കണ്ണുകളും,നീളം കുറഞ്ഞ ഇരുണ്ട മുടിയുമുള്ള ഹിതേഷ് കാണാതായ ദിവസം കറുത്ത ടി-ഷര്‍ട്ടും കറുത്ത ജാക്കറ്റും ധരിച്ചിരുന്നു. പ്യൂമയുടെ കറുത്ത ബാഗും ഷൂസും ധരിച്ചിരുന്നു. ഇടത് ചെവിയില്‍ വെള്ളി കമ്മല്‍ ധരിച്ചിട്ടുണ്ട്. 

ഹിതേഷിനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നും പൊതുജനങ്ങള്‍ അന്വേഷണത്തില്‍ സഹായിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. ഹിതേഷിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.