കാല്‍ഗറിയില്‍ കൊതുകുകള്‍ പെരുകും; തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം 

By: 600002 On: May 16, 2024, 10:35 AM

 

കൊതുകുകള്‍ പെരുകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാല്‍ഗറി സിറ്റി മൊസ്‌ക്വിറ്റോ മോണിറ്ററിംഗ് പ്രോഗ്രാം ഊര്‍ജിതമാക്കി. കൊതുക് ലാര്‍വകളുടെ വളര്‍ച്ച പരിശോധിച്ച പെസ്റ്റ് മാനേജ്‌മെന്റ് ടെക്‌നീഷ്യനായ അലക്‌സ് കോക്കര്‍ പറയുന്നത് ഈയാഴ്ചയോടെ കൊതുകുകള്‍ പെരുകാന്‍ സാധ്യതയുണ്ടെന്നാണ്. 

കൊതുക് ശല്യമില്ലാതാക്കാന്‍ സിറ്റി പല പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. കൂടാതെ നഗരത്തിലെ താമസക്കാരും കൊതുക് പെരുകാതിരിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിക്കിടക്കുന്ന ജലത്തിലാണ് ഇവ മുട്ടയിട്ട് പെരുകുന്നത്. പാത്രങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളമുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്നും പുല്ലുകളും ചെടികളും വെട്ടി വൃത്തിയാക്കാനും പരിസരം ശുചിയായി സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കുന്നു. 

ആവശ്യത്തിന് മഴയുണ്ടെങ്കില്‍ കൊതുക് നശീകരണത്തിനായി BTI  എന്ന പ്രത്യേക പെസ്റ്റിസൈഡ് പ്രോഗ്രാം സിറ്റി സജീവമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.