യുദ്ധശേഷം ഗാസയുടെ ഭാവി, ഇസ്രയേൽ യുദ്ധ ക്യാബിനറ്റിൽ ഭിന്നതയെന്ന് റിപ്പോർട്ട്

By: 600007 On: May 16, 2024, 4:35 AM

 

 

ടെൽ അവീവ്: ഗാസയുടെ യുദ്ധ ശേഷമുള്ള ഭാവിയെ ചൊല്ലി ഇസ്രയേൽ സർക്കാരിനുള്ള അവ്യക്തതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗലാന്റ്.  ഗാസയിലെ സിവിലിയൻ, സൈനിക ഭരണം ഏറ്റെടുക്കാൻ ഇസ്രയേലിന് പദ്ധതിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് യോവ് ഗലാന്റ് ആവശ്യപ്പെട്ടതായാണ് ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രയേലിലെ യുദ്ധ ക്യാബിനിറ്റിനുള്ളിലെ ഭിന്നത മറനീക്കിയെന്നതിന് തെളിവായാണ് സംഭവത്തെ രാഷ്ട്രീയ നിരീക്ഷകർ വീക്ഷിക്കുന്നത്. 

ഒക്ടോബർ മുതൽ ഇക്കാര്യം വിശദമാക്കാൻ ക്യാബിനറ്റിനോട് ആവശ്യപ്പെട്ടിട്ടും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് യോവ് ഗലാന്റ് അഭിപ്രായപ്പെടുന്നത്. എന്നാൽ ഹമാസ്താനെ ഫതാസ്താനാക്കാൻ തയ്യാറല്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രൂക്ഷ പ്രതികരണം.  ഹമാസ്, ഫതാ സംഘടനകളെക്കുറിച്ചാണ് നെതന്യാഹുവിന്റെ പരോക്ഷ പരാമർശം. 

യുദ്ധ ക്യാബിനറ്റിലെ മറ്റൊരു അംഗമായ ബെന്നി ഗാന്റ്സും നെതന്യാഹുവിന്റെ നിലപാടുകളോട് വിയോജിച്ചതായാണ് ബിബിസി റിപ്പോർട്ട്. പ്രതിരോധ മന്ത്രിയോട് യോജിക്കുന്നതാണ് ബെന്നി ഗാന്റ്സിന്റെ പ്രതികരണം. ഗാലന്റ് സംസാരിക്കുന്നച് സത്യമാണെന്നും രാജ്യത്തിന് വേണ്ടി ശരിയായ കാര്യം എന്ത് വില കൊടുത്തും ചെയ്യേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണെന്നുമാണ് ബെന്നി ഗാന്റ്സ് പ്രതികരിക്കുന്നത്. 

കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചപ്പോൾ, താൻ അധ്യക്ഷനായ പ്രതിരോധ സ്ഥാപനം ഒരു യുദ്ധ പദ്ധതി മന്ത്രിസഭയിൽ അവതരിപ്പിച്ചിരുന്നുവെന്നും ഗാലൻ്റ് പറയുന്നു. പ്രാദേശികമായതും ഇസ്രയേലുമായി ശത്രുതയില്ലാത്തതുമായ പലസ്തീൻ ഭരണ ബദൽ സ്ഥാപിക്കാനുള്ള നിർദ്ദേശങ്ങളും പദ്ധതികളിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് ഗാലൻറ് അവകാശപ്പെടുന്നത്.  എന്നാൽ ഇത്തരം നിർദ്ദേശങ്ങളിലൊന്നിലും ചർച്ചകൾ നടക്കുന്നില്ലെന്നും സമാന മറ്റ് പദ്ധതികളേക്കുറിച്ച് ചർച്ചകളിലെന്നുമാണ് യുദ്ധ ക്യാബിനറ്റിലെ ഭിന്നത വ്യക്തമാക്കി ഗാലന്റ് പ്രതികരിക്കുന്നത്.