സസ്‌ക്കാച്ചെവനിലെ ബാരി സാവ്ചുക്ക് എന്ന 66 വയസ്സുള്ള കര്‍ഷകന്‍ പതിവുപോലെ തന്റെ വയലില്‍ എത്തിയതായിരുന്നു. എന്നാല്‍ തന്റെ വയലില്‍ അസാധാരണമായി ഭീമാകാരമായ ചില അവശിഷ്ടങ്ങള്‍ കണ്ട് സാവ്ചുക്ക് ഞെട്ടി. കുറച്ചുനേരം പരിശോധിച്ചുകഴിഞ്ഞപ്പോഴാണ് അവശിഷ്ടങ്ങള്‍ ഒരു റോക്കറ്റിന്റേതാണെന്ന് മനസ്സിലായത്. നോര്‍ത്ത്ഈസ്റ്റ് റെജിനയ്ക്ക് സമീപമുള്ള കൃഷിയിടത്തില്‍ ഏപ്രില്‍ അവസാനത്തോടെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു അവശിഷ്ടങ്ങള്‍. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഹൈഡ്രോളിക് സിലിണ്ടറും ഉണ്ടായിരുന്നു.
ബഹിരാകാശ മാലിന്യങ്ങളെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോഫിസിസ്റ്റ് ജോനാഥന്‍ മക്‌ഡോവലിന്റെ സമീപമെത്തി. ഇത് പരിശോധിച്ച അദ്ദേഹം ഫെബ്രുവരിയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നാല് യാത്രക്കാരുമായി ഭൂമിയിലേക്ക് മടങ്ങിയ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് നിഗമനത്തിലെത്തി. എന്നാല്‍ സ്‌പേസ് എക്‌സ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
സ്‌പേസ് എക്‌സ് ഡ്രാഗണ്‍ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാന്‍ ഉപയോഗിക്കുന്ന ക്യാപ്‌സ്യൂളാണ്. ഇതിലൊരു ഭാഗം മനുഷ്യരെ വഹിച്ചുകൊണ്ടുള്ള പേടകം അന്തരീക്ഷത്തിലേക്ക് കടക്കുന്നതിന് മുമ്പ് പുറന്തള്ളപ്പെടുകയും കത്തിയമരുകയും ചെയ്യുന്നു. ഈ ഭാഗമായിരിക്കാം കൃഷ്ടിയിടത്തില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
2022 ല്‍ ഓസ്‌ട്രേലിയയിലെ കൃഷിയിടത്തില്‍ ഇത്തരത്തില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. അത് സ്‌പേസ് എക്‌സ് ദൗത്യത്തില്‍ നിന്നുള്ളതാണെന്ന് ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി സ്ഥിരീകരിച്ചിരുന്നു.