ആല്‍ബെര്‍ട്ട ഫോര്‍ട്ട് മക്മുറെയില്‍ കാട്ടുതീ നിയന്ത്രണാതീതം; അടിയന്തര ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു 

By: 600002 On: May 15, 2024, 11:19 AM

 


കാട്ടുതീ നിയന്ത്രണാതീതമായതോടെ ആല്‍ബെര്‍ട്ടയിലെ മക്മുറേയില്‍ അടിയന്തര ഒഴിപ്പിക്കല്‍ നിര്‍ദ്ദേശം നല്‍കി. പ്രയറി ക്രീക്ക്, അബാസഡന്‍സ്, ഗ്രേലിംഗ് ടെറസ്, ബീക്കണ്‍ ഹില്‍ എന്നിവടങ്ങളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ഒഴിപ്പിക്കല്‍ ഉത്തരവിട്ടത്. ഫോര്‍ട്ട് മക്മുറെയിലെ ലാന്‍ഡ്ഫില്ലിന്റെ 7.5 കിലോമീറ്ററിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തില്‍ നാല് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ടതായി റീജിയണല്‍ ഫയര്‍ ചീഫ് ജോഡി ബട്‌സ് പറഞ്ഞു. 

കാട്ടുതീ നഗരത്തോട് കൂടുതല്‍ അടുത്തെന്നും കാറ്റ് വീശുന്നത് തീ കൂടുതല്‍ പടരുന്നതിന് കാരണമാകുമെന്നും അധികൃതര്‍ പറയുന്നു. ഏകദേശം 6,600 താമസക്കാരോട് വൈകിട്ട് 4 മണിക്കകം വീടുകളൊഴിയണമെന്ന് അറിയിച്ചു. ഒഴിപ്പിക്കപ്പെട്ടവര്‍ MyAlberta  എമര്‍ജന്‍സി രജിസ്‌ട്രേഷന്‍ സിസ്റ്റം(MAERS)  വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. 

ഫോര്‍ട്ട് മക്മുറെയിലെ ലാന്‍ഡ്ഫില്ലില്‍ നിന്ന് ഏകദേശം 13.5 കിലോമീറ്റര്‍ അടുത്ത് വരെ തീജ്വാലകള്‍ എത്തിയിട്ടുണ്ടെന്നും ഹൈവേ 63, 881 എന്നിവയുടെ ഇന്റര്‍സെക്ഷനില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് കാട്ടുതീയെന്നും ആല്‍ബെര്‍ട്ട വൈല്‍ഡ്ഫയര്‍ അധികൃതര്‍ വ്യക്തമാക്കി.