കാനഡയില്‍ വില്‍ക്കുന്ന പാലില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനിക്ക് കാരണമാകുന്ന H5N1 വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി(CFIA) അറിയിച്ചു. കാനഡയിലുടനീളമുള്ള 142 റീട്ടെയ്ല്‍ ശൃംഖലകളില്‍ വില്‍ക്കുന്ന പാലിന്റെ സാമ്പിളുകള്‍ പരിശോധിച്ചതായി ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതുവരെ നടത്തിയ ടെസ്റ്റുകളിലെ എല്ലാ സാമ്പിളുകളും നെഗറ്റീവ് ആണെന്ന് സിഎഫ്‌ഐഎ അറിയിച്ചു. സാമ്പിളുകള്‍ നെഗറ്റീവായ സാഹചര്യത്തില്‍ കനേഡിയന്‍ കറവപ്പശുക്കളില്‍ വൈറസ് കണ്ടെത്തിയിട്ടില്ലെന്ന നിലവിലെ റിപ്പോര്‍ട്ടിനോട് യോജിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ കറവപ്പശുക്കളില്‍ H5N1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കാനഡയില്‍ പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്. അമേരിക്കയില്‍ നിന്നുമെത്തിക്കുന്ന ഉല്‍പ്പന്നങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്. ഒന്‍പത് സംസ്ഥാനങ്ങളിലായി 46 ഓളം കന്നുകാലി കൂട്ടങ്ങളിലേക്ക് വൈറസ് വ്യാപിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ടെസ്റ്റുകള്‍ കുറയുന്നത് കൃത്യമായ കണക്കുകള്‍ പുറത്തുവരുന്നതിന് തടസ്സമാകുന്നതായി നിരീക്ഷകര്‍ പറയുന്നു.