ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന്‍റെ റെഡ് ലിപ്സ്റ്റിക് നിരോധനത്തിന് പിന്നില്‍ വിചിത്ര കാരണം

By: 600007 On: May 15, 2024, 3:09 AM

വിചിത്രമെന്ന് മറ്റുള്ളവര്‍ക്ക് തോന്നാവുന്ന നിരവധി നിയമങ്ങള്‍ ഇന്നും ഉത്തര കൊറിയ പിന്തുടരുന്നുണ്ട്. ഏകാധിപതിയായ കിം ജോങ് ഉന്നാണ് ഇത്തരം വിചിത്രമായ നിയമങ്ങള്‍ രാജ്യത്ത് പ്രഖ്യാപിച്ചതും. അതിലൊന്നാണ് കിം ജോങ് ഉന്നിന്‍റെ ഹെയര്‍കട്ട് രാജ്യത്ത് മറ്റൊരാളും പിന്തുടരരുത് എന്നത്. അത് പോലെ തന്നെ എതൊക്കെ രീതിയില്‍ മുടി വെട്ടാം എന്നതിനും പ്രത്യേക സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുണ്ട്. ഈ ഗണത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തിയ നിയമമാണ്. രാജ്യത്ത് റെഡ് ലിപ്സ്റ്റിക്കുകള്‍ നിരോധിച്ച് കൊണ്ടുള്ള കിം ജോങ് ഉന്നിന്‍റെ ഉത്തരവ്


കമ്മ്യൂണിസ്റ്റ് കുടുംബ പരമാധികാരം പിന്തുടരുന്ന രാജ്യത്ത് കിം ജോങ് ഉന്നിന്‍റെ ഉത്തരവുകള്‍ക്ക് മറുവാക്കില്ലെന്നതും പ്രസിദ്ധമാണ്. ഏറ്റവും ഒടുവില്‍ രാജ്യത്ത് റെഡ് ലിപ്സ്റ്റിക്ക് നിരോധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് റെഡ് ലിപ്സ്റ്റിക്ക് ‘മുതലാളിത്തത്തെ’ പ്രതിനിധീകരിക്കുന്നു എന്നതാണ്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും മുതലാളിത്തത്തെ നഖശിഖാന്തം എതിര്‍ക്കുമെന്ന് ഉത്തര കൊറിയയും അവകാശപ്പെടുന്നു. ഇതാദ്യമായല്ല ഇത്തരമൊരു വിചിത്ര നിയമം. നേരത്തെ നീലയോ സ്കിന്നി ജീൻസുകളും കനത്ത മേക്കപ്പുകളും രാജ്യത്ത് നിരോധിച്ച് കൊണ്ട് കിം ജോങ് ഉന്‍ ഉത്തരവിറക്കിയിരുന്നു. കിം ജോങ് ഉന്നിന്‍റെ ഇത്തരം വിചിത്രമായ നിയമങ്ങളെ പാശ്ചാത്യ രാജ്യങ്ങള്‍ ‘അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ മരണം’ എന്നാണ് വിശേഷിപ്പിക്കുന്നത്.

പാശ്ചാത്യ ജീവിതശൈലിയിലേക്ക് സ്വന്തം രാജ്യത്തെ ജനതയുടെ ശ്രദ്ധ തിരിയാതിരിക്കാന്‍ വളരെ ഉപരിപ്ലവമായ നിയമങ്ങളാണ് കിം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിന്‍റെ ഉത്തരവുകളില്‍ വ്യക്തമാണ്. ഉത്തര കൊറിയന് നിയമങ്ങള്‍ പ്രത്യയശാസ്ത്രപരം എന്നതിനേക്കാള്‍ തികച്ചും വ്യക്തിപരമാണ്. നിയമത്തെ എതിര്‍ക്കുന്നവര്‍ക്ക് പലപ്പോഴും ജീവന്‍ തന്നെ നഷ്ടപ്പെടുകയോ ജീവിതാന്ത്യം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമോ ആണ്. കിം ജോങിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ പരമോന്നത നേതാവിനെ അപമാനിക്കുന്നതിന് തുല്യമായി രാജ്യത്ത് കണക്കാക്കപ്പെടുന്നു. ജനങ്ങളുടെ ഫാഷന്‍ രീതികള്‍ കണ്ടെത്താനായി മാത്രം “ഗ്യുചാൽഡേ” (Gyuchaldae) എന്ന് വിളിക്കുന്ന ഫാഷൻ പോലീസ് വരെ രാജ്യത്തുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന മേക്കപ്പ്, ജീൻസ്, ട്രെഞ്ച് കോട്ടുകൾ, നിറങ്ങൾ, ഹെയര്‍ സ്റ്റൈല്‍ എന്നിവയ്ക്കെല്ലാം രാജ്യത്ത് ഓരോ നിയമങ്ങളുണ്ട്. ഇത്തരത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വസ്ത്രങ്ങളും സൌന്ദ്യര്യ വസ്തുക്കളും മാത്രമേ ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയൂ.