സസ്‌ക്കാറ്റൂണില്‍ സ്‌കൂള്‍ സോണ്‍ സ്പീഡിംഗ് ടിക്കറ്റ് സ്‌കാം വര്‍ധിപ്പിക്കുന്നു: മുന്നറിയിപ്പ് നല്‍കി പോലീസ് 

By: 600002 On: May 14, 2024, 3:58 PM

 

 

സസ്‌ക്കാച്ചെവന്‍ ട്രാഫിക് സേഫ്റ്റി ബ്യൂറോയെന്ന പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി സസ്‌ക്കാറ്റൂണ്‍ പോലീസ്. സ്‌കൂള്‍ സോണില്‍ അമിത വേഗതയില്‍ വാഹനമോടിച്ചുവെന്ന് പറഞ്ഞ് ആളുകള്‍ക്ക് ടെക്സ്റ്റ് മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. പിഴ ചുമത്തിയിട്ടുണ്ടെന്നും പണം അടയ്ക്കണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. കോടതിയില്‍ ഹാജരാകേണ്ടെങ്കില്‍ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആളുകളോട് ആവശ്യപ്പെടും. ആളുകള്‍ പോലീസാണെന്ന് തെറ്റിദ്ധരിച്ച് പിഴയടയ്ക്കാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും അവരുടെ പണം നഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന് പോലീസ് പറഞ്ഞു.  

ഇത്തരത്തില്‍ ടെക്സ്റ്റ് മെസേജുകള്‍ ലഭിക്കുന്നവര്‍ നമ്പര്‍ ബ്ലോക്ക് ചെയ്യണമെന്നും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ വെബ്‌സൈറ്റ് വഴി പണമിടപാട് നടത്തുകയോ ചെയ്യരുതെന്നും പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒരു തരത്തിലുമുള്ള പേയ്‌മെന്റുകളെക്കുറിച്ചോ പണമടയ്ക്കാനോ സസ്‌ക്കാറ്റൂണ്‍ പോലീസ് സര്‍വീസ് ഇത്തരത്തില്‍ ടെക്‌സ്റ്റ് മെസേജുകള്‍ ആളുകള്‍ക്ക് അയക്കാറില്ലെന്ന് പോലീസ് വ്യക്തമാക്കി.