കാനഡയിലെ ആദ്യ ലിഥിയം അയേണ്‍ ബാറ്ററി സെപ്പറേറ്റര്‍ പ്ലാന്റ് പോര്‍ട്ട് കോള്‍ബോണില്‍: പ്രഖ്യാപനം നടത്തി അസാഹി കസെയ്

By: 600002 On: May 14, 2024, 3:41 PM

 


കാനഡയില്‍ ഇലക്ട്രിക് വാഹന വിതരണ ശൃംഖല സ്ഥാപിക്കാനുള്ള ഹോണ്ട കാനഡയുടെ 15 ബില്യണ്‍ ഡോളര്‍ പദ്ധതിയുടെ പിന്നാലെ ഒന്റാരിയോയിലെ പോര്‍ട്ട് കോള്‍ബോണിലും ഇലക്ട്രിക് വാഹന നിര്‍മാണ പ്ലാന്റ് നിര്‍മിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. ഇതോടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വമ്പന്‍ ഉത്തേജനം നല്‍കുന്ന അടുത്ത കമ്മ്യൂണിറ്റിയായിരിക്കും പോര്‍ട്ട് കോള്‍ബോണ്‍. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

ഏപ്രില്‍ 25 ന് ഹോണ്ട ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകളുടെ ബാറ്ററികള്‍ നിര്‍മിക്കുന്നതിനും ഇലക്ട്രിക് വാഹന പതിപ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുമായി ആലിസ്റ്റണില്‍ ഫെസിലിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതേദിവസം, ജപ്പാനിലെ അസാഹി കസെയ് കോര്‍പ്പറേഷന്‍ കാനഡയിലെ ആദ്യ ലിഥിയം അയേണ്‍ ബാറ്ററി സെപ്പറേറ്റര്‍ പ്ലാന്റ് നിര്‍മിക്കാനായി ഹോണ്ടയുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ടു. തുടക്കത്തില്‍ എവിടെയാണ് ഫെസിലിറ്റിയെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് പോര്‍ട്ട് കോള്‍ബോണിനെ തെരഞ്ഞെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സെപ്പറേറ്റര്‍ ഫെസിലിറ്റിക്കായി ആസാഹി കാസെ 1.6 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതായും പ്രഖ്യാപിച്ചിട്ടുണ്ട്.