വെസ്റ്റേണ്‍ കാനഡയുടെ ഭാഗങ്ങളില്‍ കാട്ടുതീ രൂക്ഷമായി വ്യാപിക്കുകയാണ്. മിക്കയിടങ്ങളിലും ആളുകളെ ഒഴിപ്പിക്കല്‍ തുടരുന്നു. ഇതിനിടയില്‍ കഴിഞ്ഞയാഴ്ച ഫൈബര്‍ ഒപ്റ്റിക് ലൈനുകള്‍ക്ക് കാട്ടുതീ പടര്‍ന്നത് മൂലം കേടുപാടുകള്‍ സംഭവിച്ചതോടെ ചില കമ്മ്യൂണിറ്റികളില്‍ ആശയവിനിമയം താറുമാറായി. ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ജനങ്ങള്‍ക്ക് ആശയവിനിമയം നടത്താന്‍ മാര്‍ഗമില്ലാതായി. യുക്കോണ്‍, നോര്‍ത്ത് വെസ്റ്റ് ടെറിട്ടറികള്‍, നുനാവുട്ട്, നോര്‍ത്തേണ്‍ ബീസിയുടെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ സേവനം നല്‍കുന്ന ടെലികമ്മ്യൂണിക്കേഷന്‍ പ്രൊവൈഡറായ നോര്‍ത്ത് വെസ്റ്റല്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ്, ദീര്‍ഘദൂര സേവനങ്ങള്‍ തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.
ആശയവിനിമയം തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കരുതലോടെയിരിക്കണമെന്നും അപ്‌ഡേറ്റുകള്‍ സൂക്ഷ്മമായി ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. നോര്‍ത്ത്‌വെസ്റ്റലും അതിന്റെ മാതൃകമ്പനിയായ ബെല്‍, മറ്റ് ടെലികോം കമ്പനികളായ ടെലസ്, റോജേഴ്‌സ് തുടങ്ങിയവയും കാട്ടുതീ മൂലമുള്ള അപകടസാധ്യതകള്‍ വിലയിരുത്തുകയും ആശയവിനിമയം തടസ്സപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നുണ്ടെന്ന് അറിയിച്ചു.